തമിഴ്നാട് ലോബിയുടെ ഇടപെടൽ : ഇറച്ചിക്കോഴി ഉത്പാദനം നിറുത്തി ഫാമുകൾ

Wednesday 05 April 2023 12:10 AM IST
ഇറച്ചിക്കോഴി

ആലപ്പുഴ : വി​പണി​യി​ൽ തമിഴ്നാട് ലോബിയുടെ ഇടപെടൽ ശക്തമായതോടെ സംസ്ഥാനത്തെ ചെറുകിട ഫാമുകൾ ഇറച്ചിക്കോഴി ഉത്പാദനം നിർത്തുന്നു. ഉത്പാദന ചെലവിന് ആനുപാതികമായ വില ഇറച്ചിക്കോഴിക്ക് ലഭിക്കാത്തതാണ് ഫാമുടകളുടെ പി​ന്മാറ്റത്തി​നു പി​ന്നി​ൽ.

ആഭ്യന്തര ഉത്പാദനം കുറച്ചതോടെ കോഴിവിലയും കുത്തനെ ഉയർന്നു. ഒരു കിലോ കോഴിക്ക് കഴിഞ്ഞ മാസം 85 രൂപയായിരുന്നത് ഇന്നലെ 160 രൂപയായി​. ചെറുതും വലുതുമായ ആയിരത്തിലധികം ഫാമുകളാണ് സംസ്ഥാനത്തുള്ളത്. ഇതി​ൽ പകുതി ഫാമുകളേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. സ്വയംതൊഴിൽ പദ്ധതി പ്രകാരം തുടങ്ങിയ ഇറച്ചിക്കോഴി ഫാമുകൾ പലതും വലിയ പ്രതിസന്ധിയിലാണ്.

സംസ്ഥാനത്ത് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും ഇവിടെത്തന്നെയാണ് ഉത്പാദിപ്പിക്കുന്നതെന്നതിനാൽ തമിഴ്നാടൻ ഇറച്ചിക്കോഴിക്ക് പഴയ ഡിമാൻഡില്ല. എന്നാൽ കുഞ്ഞുങ്ങളുടെ ഉത്പാദനം കൂടുതലും തമി​ഴ്നാട്ടി​ലാണ്. കുഞ്ഞിന്റെയും തീറ്റയുടെയും വില തമിഴ്നാട് ലോബികൾ നിയന്ത്രിക്കുന്ന സാഹചര്യമാണ് നി​ലവി​ലുള്ളത്. ഒരു ദിവസം പ്രായമായ കുഞ്ഞിന് കഴിഞ്ഞമാസം 20 രൂപയായിരുന്നു വി​ല. ഇപ്പോഴത് 25 രൂപയായി വർദ്ധി​ച്ചു. ലോക്ക് ഡൗണിന് മുമ്പ് 50 കിലോ തീറ്റയ്ക്ക് 1230 രൂപയായിരുന്നത് ഇപ്പോൾ 2300 ആയി കൂടി​. 25 രൂപയ്ക്ക് വാങ്ങുന്ന കോഴിയെ പരിപാലിച്ച് 40 ദിവസം പ്രായമാക്കുമ്പോൾ നല്ലൊരു തുക ചെലവഴിക്കേണ്ടി വരും. ഫാമിൽ 80 രൂപയിൽ താഴെ നൽകി മാർക്കറ്റിൽ എത്തിക്കുന്ന കോഴിക്കാണ് കി​ലോയ്ക്ക് 160 രൂപ വാങ്ങുന്നത്.

കർഷകരെ ചതി​ച്ച് തമിഴ്നാട് ലോബി

തമിഴ്നാട് ലോബിയാണ് വില നിയന്ത്രിക്കുന്നത്. സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളും തീറ്റയും തമിഴ്‌നാട്ടിൽ നിന്നാണ് എത്തുന്നത്. സംസ്ഥാനത്തെ ഫാമുകളിൽ കോഴിയുടെ വില്പന സീസൺ ആരംഭിക്കുമ്പോൾ തമിഴ്നാട് ലോബി കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തിക്കുന്നതി​തിനാൽ ഇവി​ടുത്തെ കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാകും.

ഇറച്ചിക്കോഴി വില (കിലോഗ്രാമിന്)

കോഴി : 160

ഇറച്ചി: 210

തീറ്റ വില (50 കിലോ ചാക്ക്)

കഴിഞ്ഞ വർഷം: 1230

ഇപ്പോൾ: 2300

ഇറച്ചിക്കോഴി കുഞ്ഞിന്റെ വില: 25 രൂപ

"ഇറച്ചിക്കോഴിയുടെ തീറ്റ, കോഴിക്കുഞ്ഞുങ്ങളുടെ വില എന്നിവ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. അടിക്കടിയുള്ള തീറ്റവില വർദ്ധനവും കോഴിക്കുഞ്ഞുങ്ങളുടെ വിലവർദ്ധനവും ഫാം ഉടമകളെ നഷ്ടത്തിലാക്കും.

-സുരേഷ് ബാബു, ഫാം ഉടമ

"ഉത്സവ സീസൺ ആകുമ്പോൾ വില ഉയരും. റംസാൻ ലക്ഷ്യമിട്ടുള്ള വിലവർദ്ധനവ് വില്പനയെ ബാധിക്കുന്നുണ്ട്

-പി.ആർ.ഷിഹാബ്, ജില്ലാ സെക്രട്ടറി, ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ