ശീതളപാനീയ കടകളിൽ തിരക്കേറി, ചൂടിൽ രക്ഷയായി ജ്യൂസ്

Wednesday 05 April 2023 12:13 AM IST

ആലപ്പുഴ : വേനൽച്ചൂട് കടുത്തതോടെ ശീതളപാനീയ കടകളിൽ തിരക്കേറി. തണ്ണിമത്തൻ ജ്യൂസിനാണ് ആവശ്യക്കാർ കൂടുതൽ. തണ്ണിമത്തനും പൈനാപ്പിളും പഴവും ചേർത്ത മിക്സഡ് ജ്യൂസിനും പ്രിയമേറെ. നോയമ്പുകാലം തുടങ്ങിയതോടെ പഴവിപണിയിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വിലയിൽ വർദ്ധനവുണ്ടായത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.

തണ്ണിമത്തൻ. ഏത്തപ്പഴം എന്നിവയ്ക്ക് കിലോയ്ക്ക് അഞ്ച് മുതൽ പത്തു രൂപ വരെയും ഓറഞ്ച് ഒന്നാം തരത്തിന് കിലോയ്ക്ക് 15രൂപയും രണ്ടാംതരത്തിന് 10രൂപയുമാണ് കൂടിയത്. വരും ദിവസങ്ങളിൽ വീണ്ടും വില കൂടാനാണ് സാദ്ധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.

വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പഴങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്. ചീഞ്ഞ പഴങ്ങളും എസൻസും ചേർത്താണ് ജ്യൂസ് തയ്യാറാക്കുന്നതെന്നും ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഇവർ ഉപയോഗിക്കുന്നതെന്നും ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്.

താരമാണ് തണ്ണിമത്തൻ

ദാഹമകറ്റുന്നതിലുപരി നിരവധി ഗുണങ്ങളുള്ള ഫലമാണ് തണ്ണിമത്തൻ. ഇതിലടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡ് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ലൈകോഫീൻ എന്ന ഘടകം കാൻസറിനെ ചെറുക്കും. കൊളസ്‌ട്രോൾ കുറയ്ക്കും. വിറ്റാമിൻ ബി1, ബി6 എന്നിവ ശരീരത്തിന് ഊർജ്ജം നൽകും. വിറ്റമിൻ എ കാഴ്ച വർദ്ധിപ്പിക്കും. ഹൃദയം, ത്വക്ക് എന്നിവയുടെ ആരോഗ്യത്തെ സംരക്ഷിക്കും. ദിവസവും തണ്ണിമത്തൻ കഴിയ്ക്കുന്നത് ടെൻഷൻ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖരുടെ അഭിപ്രായം.

പാനീയങ്ങളിൽ വ്യാജൻ കുപ്പികളിൽ വരുന്ന ശീതളപാനീയങ്ങൾ വാങ്ങി കുടിക്കുന്നതിനു മുമ്പ് പ്രത്യേകം ശ്രദ്ധിക്കണം. വൻകിട കമ്പനികളുടെ ഉത്പന്നങ്ങളുടെ വ്യാജൻ വിപണിയിലുണ്ട്. ഒറ്റ നോട്ടത്തിൽ വ്യത്യാസം കണ്ടുപിടിക്കാനാകില്ല. ബ്രൻഡഡ് പേരുകളോട് സാമ്യമുള്ളതും അതേ ഡിസൈനിലുള്ളതുമായിരിക്കും വ്യാജന്റെയും പേര്. ഗുണനിലവാരമാകട്ടെ തീരെ മോശവും. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ചെറുതല്ല. ബസ് സ്റ്റാൻഡ് , ആശുപത്രി പരിസരങ്ങൾ ഉൾപ്പെടെയുള്ളയിടങ്ങളിലാണ് വ്യാജൻമാർ കൂടുതർ വിറ്റഴിക്കപ്പെടുന്നത്. ഉയർന്ന ലാഭം നൽകുന്നതിനാൽ ഇത്തരം പാനീയങ്ങൾ വിൽക്കാൻ വ്യാപാരിക

ളിൽ ചിലർക്കും താത്പര്യമുണ്ട്.

ജ്യൂസ് വില (ഗ്ളാസ് ഒന്നിന് രൂപയിൽ)

ഓറഞ്ച്: 50

ആപ്പിൾ: 50

മുന്തിരി: 50

മാതളം : 60

മിക്സഡ് :60

തണ്ണിമത്തൻ : 20

കടകളിൽ പരിശോധന ശക്തമാക്കും.ശീതള പാനീയങ്ങളുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കും. ട്രീറ്റ്‌മെന്റ് പ്‌ളാന്റുകളിലെ കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും

- ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ