അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; മൂത്ത സഹോദരൻ അറസ്റ്റിൽ

Wednesday 05 April 2023 2:08 AM IST

തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് മൂത്ത സഹോദരന്റെ ക്രൂരമായ മർദ്ദനത്തിലുണ്ടായ പരിക്കിനെ തുടർന്നെന്ന് കണ്ടെത്തൽ. പ്രതി പശ്ചിമബംഗാൾ കൂച്ച് ബഹർ സ്വദേശി ബിനൽ ബർമാനെ (30) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ച പശ്ചിമബംഗാൾ കൂച്ച് ബഹർ സ്വദേശിയായ രഞ്ജൻ ബർമാൻ (26) മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നിർമാണ തൊഴിലാളികളായ രണ്ട് സഹോദരങ്ങളും കാഞ്ഞിരമറ്റം ഭാഗത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവ ദിവസം ഇരുവരും സുഹൃത്തുക്കൾക്കൊപ്പം അമിതമായി മദ്യപിച്ചു. തുടർന്ന് കുടുംബ വിഷയങ്ങളെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കം പിന്നീട് അടിപിടിയായി. ഇരുവരെയും പിടിച്ച് മാറ്റിയശേഷം സുഹൃത്തുക്കൾ അവരവരുടെ മുറികളിലേക്ക് പോയി. തുടർന്ന് കുറച്ചു സമയത്തിന് ശേഷം വീണ്ടും ഇരുവരും തമ്മിൽ അടിപിടിയുണ്ടാകുകയും രഞ്ജനെ ബിനൽ നിലത്ത് വീഴ്ത്തി നെഞ്ചിൽ നിരവധി തവണ ആഞ്ഞ് ചിവിട്ടി. ബോധരഹിതനായ രഞ്ജൻ നിലത്ത് നിന്ന് എഴുന്നേൽക്കാതെ വന്നതോടെ ഇയാൾ സുഹൃത്തുക്കളെ വിളിച്ചു. സുഹൃത്തുക്കളെത്തിയാണ് രഞ്ജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പുറമേ പരിക്കുകളില്ലാതിരുന്നതിനാൽ ഹൃദയാഘാതമുണ്ടായെന്നാണ് ബിനൽ ആശുപത്രി അധികൃതരോട് പറഞ്ഞത്. പുലർച്ചെ മൂന്നരയോടെ ചികിത്സയിലിരിക്കെ രഞ്ജൻ മരിച്ചു.