വീട് കുത്തിത്തുറന്ന് മോഷണം: കൗമാരക്കാരൻ അറസ്റ്റിൽ
പുതുക്കാട്: വടക്കേ തെറവ് ആന്തരുവളപ്പിൽ മണിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതിയായ കൗമാരക്കാരനെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയുടെ തന്നെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ അംഗമാണ്.
ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് കൗമാരക്കാരൻ. തനിച്ച് താമസിക്കുന്ന മണി കഴിഞ്ഞ വ്യാഴാഴ്ച വീട് പൂട്ടി ജോലിക്ക് പോയപ്പോഴായിരുന്നു മോഷണം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. വാതിൽ പൊളിച്ച് അകത്ത് കടന്ന് അലമാര കുത്തിത്തുറന്ന് മുപ്പതിനായിരത്തോളം രൂപയും, ഒരു പവൻ തൂക്കംവരുന്ന സ്വർണ മോതിരവും കവർന്നിരുന്നു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൗമാരക്കാരന്റെ നന്തിക്കരയിലുള്ള സുഹൃത്തിന്റെ കൈവശം സൂക്ഷിക്കാൻ ഏൽപ്പിച്ച മോതിരം കണ്ടെടുത്തു. മോഷ്ടിച്ച പണത്തിൽ ആറായിരം രൂപ മാത്രമാണ് കണ്ടെടുക്കാനായുള്ളൂ. ദിവസങ്ങൾക്ക് മുമ്പ് കൗമാരക്കാരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് നെടുമ്പാളിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ചതിന് പിടിയിലായിരുന്നു. മോതിരം സൂക്ഷിക്കാൻ വാങ്ങിയ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.