രാഹുലിന്റെ അപ്പീൽ വിശദാംശങ്ങൾ പുറത്ത്; അപകീർത്തിക്കേസ് നൽകേണ്ടത് നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് താൻ പരാമർശം നടത്തിയതെന്നും മോദിക്ക് മാത്രമേ അപകീർത്തിക്കേസ് കൊടുക്കാൻ കഴിയുകയുള്ളുവെന്നും അപ്പീലിൽ വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൂറത്ത് അഡിഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപ്പീലിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
മോദി സമൂഹത്തിലെ മറ്റുള്ളവർക്ക് തനിക്കെതിരെ പരാതി നൽകാനാവില്ല. ഗുജറാത്ത് എം.എൽ.എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദി സമർപ്പിച്ച ഹർജി രാഷ്ട്രീയ പ്രേരിതമാണ്. ശിക്ഷാവിധിയിലുൾപ്പെടെ പരുഷമായാണ് ജഡ്‌ജി തന്നെ കൈകാര്യം ചെയ്‌തതെന്നും പരിഹാരമില്ലാത്ത നഷ്‌ടമാണ് സംഭവിച്ചതെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.
പ്രതിപക്ഷത്തെ നേതാവായതിനാൽ സർക്കാരിനെ വിമർശിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അധികാരികളെ അസ്വസ്ഥതപ്പെടുത്തേണ്ടതുണ്ട്. വാക്കുകൾ എപ്പോഴും സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ പ്രസംഗത്തിന്റെ അന്തഃസത്തയാണ് കോടതി കണക്കിലെടുക്കേണ്ടത്, സംസാര രീതിയല്ല. നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ, ലളിത് മോദി, അനിൽ അംബാനി എന്നിവരുടെ പേരുകൾ പ്രസംഗത്തിൽ പരാമർശിച്ചു. ഇതിൽ പലരുടെയും പേരിനൊപ്പം മോദിയില്ല. രാജ്യതാത്പര്യത്തിന് വിരുദ്ധമാണ് അവരുടെ വാണിജ്യ ഇടപാടുകൾ. ഉന്നത അധികാരകേന്ദ്രങ്ങളുമായുള്ള അവരുടെ അടുപ്പം മോദി പേരുള്ള മറ്റുള്ളവരുമായി അവരെ വ്യത്യസ്‌തരാക്കുന്നുവെന്നും അപ്പീലിൽ പറയുന്നു.
പൂർണേഷ് മോദിക്ക് ഹർജി നൽകാൻ അവകാശമില്ല. തന്റെ പരാമർശം അദ്ദേഹത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല.
പരാമർശങ്ങൾ പരാതിക്കാരന് ഞെട്ടലുണ്ടാക്കിയെന്നും അന്തസ് ഹനിക്കപ്പെട്ടെന്നും കണ്ടെത്തിയാണ് താൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. എന്നാൽ, പൂർണേഷിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശം ഉണ്ടായിട്ടില്ല.
രേഖകളിൽ മോദി എന്നൊരു സമൂഹമില്ലെന്നും രാഹുലിന്റെ വാദം.
മോദ് വണിക് സമാജ്, മോദ് ഗാൻചി സമാജ് സമൂഹങ്ങളാണ് നിലവിലുളളത്. ഹിന്ദു മതത്തിൽ മാത്രമല്ല മുസ്ലിം, പാഴ്സി സമുദായങ്ങളിൽപ്പെട്ടവരും പേരിനൊപ്പം മോദി ഉപയോഗിക്കാറുണ്ട്.
അപകീർത്തി വകുപ്പിൽ പരമാവധി ശിക്ഷയായ രണ്ടുവർഷം വിധിച്ചതും രാഹുൽ ചൂണ്ടിക്കാട്ടുന്നു.
പരമാവധി ശിക്ഷ വിധിക്കുന്നതിന് മുമ്പ് കക്ഷികളുടെ ഭാഗം കോടതി കേട്ടില്ല.
സുപ്രീംകോടതി താക്കീത് ചെയ്‌ത ആളെന്ന് വിധിയിൽ എഴുതിച്ചേർത്തു.
സുപ്രീംകോടതി തനിക്കെതിരെ നടപടിയെടുക്കുകയോ, താൻ ഹാജരാകുകയോ ചെയ്‌തിട്ടില്ല.
രണ്ടുവർഷം ശിക്ഷ വിധിച്ചാൽ അതിന്റെ പ്രത്യാഘാതമായി അയോഗ്യനാകുമെന്ന ബോദ്ധ്യം ജഡ്‌ജിക്കുണ്ടായിരുന്നിരിക്കണം. ഉപതിരഞ്ഞെടുപ്പ് വന്നാൽ സർക്കാർ ഖജനാവിന് നഷ്‌ടമുണ്ടാകുമെന്നും അപ്പീലിൽ പറയുന്നു.
അതേസമയം, അദാനിയുടെ ഷെൽ കമ്പനികളിലേക്കെത്തിയ 20000 കോടി ചോദ്യം രാഹുൽ വീണ്ടും ആവർത്തിച്ചു. കോൺഗ്രസും രാഹുൽ ഗാന്ധിയും ജുഡിഷ്യറിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തിനായിരുന്നു മറുപടി. രാഹുൽ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു മാദ്ധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചത്.