ദുരന്തങ്ങളെ ഒന്നിച്ച് നേരിടണം: പ്രധാനമന്ത്രി
ന്യൂഡൽഹി: ആധുനിക ലോകത്ത് ദുരന്തങ്ങളുടെ ആഘാതം പ്രാദേശികമായി ഒതുങ്ങില്ലെന്ന വസ്‌തുത മനസിലാക്കി അവയെ സംയോജിതമായി നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുരന്തങ്ങളെ നേരിടാനുള്ള അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യുന്ന അഞ്ചാമത് ഡിസാസ്റ്റർ റെസിലന്റ് ഇൻഫ്രാസ്ട്രക്ചർ അന്താരാഷ്ട്ര സമ്മേളനത്തിൽ(സി.ഡി.ആർ.ഐ) സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശികത മറന്ന് ദുരന്തങ്ങളിൽ ഏവരെയും ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സി.ഡി.ആർ.ഐ രൂപീകരിച്ചത്. അതിനാൽ നമ്മുടെ പ്രതികരണങ്ങൾ ഒറ്റപ്പെടരുത്. അടുത്ത കാലത്ത് 40ലധികം രാജ്യങ്ങൾ സി.ഡി.ആർ.ഐയുടെ ഭാഗമായി. ദുരന്തത്തെ പ്രതിരോധിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളിലേക്ക് ചർച്ചകൾ നീളണം. അടിസ്ഥാന സൗകര്യങ്ങൾ വഴി പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാവർക്കും സേവനം ലഭ്യമാകണം. ഗതാഗത മേഖലയിലെ പോലെ തന്നെ സാമൂഹിക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും പ്രധാനമാണ്.
രണ്ടു ദുരന്തങ്ങൾക്കിടയിലെ ഇടവേളയിലാണ് പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നത്. മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളണം. ദുരന്തങ്ങളെ നേരിടാൻ പ്രാദേശിക അറിവിന് പ്രാധാന്യമുണ്ട്. പ്രാദേശിക സ്ഥിതിവിവരക്കണക്കുകൾ യോജിപ്പിച്ച ആധുനിക സാങ്കേതികവിദ്യ മികച്ച പ്രതിരോധം നൽകും. പ്രാദേശിക വിജ്ഞാനം ആഗോളതലത്തിൽ മികച്ചതായി മാറാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പങ്ങൾ അടക്കം സമീപകാല ദുരന്തങ്ങളുടെ അളവും തീവ്രതയും പരാമർശിച്ച പ്രധാനമന്ത്രി ഇത്തരം സാഹചര്യങ്ങളിൽ സി.ഡി.ആർ.ഐയ്‌ക്ക് ലോകത്ത് നിർണായക പങ്കുണ്ടെന്നും പറഞ്ഞു.