അയോദ്ധ്യയിൽ താമസിക്കാൻ രാഹുലിന് ക്ഷണം

Wednesday 05 April 2023 2:24 AM IST

അയോദ്ധ്യ: അയോഗ്യനാക്കപ്പെട്ടതിനെത്തുടർന്ന് എം.പി വസതി ഒഴിയുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോദ്ധ്യയിലേക്ക് താമസിക്കാൻ ക്ഷണിച്ച് ക്ഷേത്ര പൂജാരി. പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ക്ഷേത്ര പരിസരത്തുള്ള ആശ്രമത്തിൽ താമസിക്കാനാണ് ക്ഷണം. ഹനുമാൻ ഗർഹി ക്ഷേത്രത്തിലെ പൂജാരിമാരിലൊരാളായ സഞ്ജയ് ദാസാണ് രാഹുലിനെ ക്ഷണിച്ചത്. ഹനുമാൻ ഗർഹി ക്ഷേത്രത്തിലെ പ്രധാന പൂജാരി മഹന്ത് ഗ്യാൻ ദാസിന്റെ അനന്തരാവകാശിയാണ് മഹന്ത് സഞ്ജയ് ദാസ്.

രാഹുൽ ഇവിടം സന്ദർശിച്ച് പ്രാർത്ഥന നടത്തണം. ക്ഷേത്ര പരിസരത്ത് നിരവധി ആശ്രമങ്ങളുണ്ട്. അദ്ദേഹം ആശ്രമത്തിൽ താമസിക്കുകയാണെങ്കിൽ സന്തോഷമാകുമെന്നും അദ്ദേഹം പറഞ്ഞു. 2016ൽ രാഹുൽ ക്ഷേത്രത്തിലെത്തുകയും മഹന്ദ് ഗ്യാൻ ദാസിൽ നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ അയോദ്ധ്യയിലെ രാമജന്മ ഭൂമി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിൽ നിന്ന് അനുഗ്രഹം വാങ്ങിയിരുന്നു. തന്റെ ഉദ്യമത്തിൽ വിജയിക്കട്ടെയെന്നും രാജ്യത്തിന്റെ മഹത്തായ നന്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും രാഹുലിന് എഴുതിയ കത്തിൽ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ഏപ്രിൽ 22നകം

ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുലിന് സോക്‌സഭ സെക്രട്ടറിയേറ്റിൽ നിന്ന് നോട്ടീസ് ലഭിച്ചതിനു പിന്നാലെ എന്റെ വീട് രാഹുലിന് എന്ന പേരിൽ കോൺഗ്രസ് പ്രചാരണ പരിപാടി ആരംഭിച്ചിരുന്നു. അതിനു പിന്നാലെ പാർട്ടി പ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് രാഹുലിന് വീട് നല്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തക രാഹുലിന് വീട് എഴുതി നല്കിയെന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. രാഹുലിന് എഴുതി നല്കിയ രേഖകൾ പുറത്തു വിടുകയും ചെയ്തിരുന്നു.