സിക്കിമിൽ വൻ ഹിമപാതം; 7 മരണം നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Wednesday 05 April 2023 2:26 AM IST

ഗുവാഹത്തി: സിക്കിമിലെ നാഥുലാ പർവത ചുരത്തിലുണ്ടായ വൻ ഹിമപാതത്തിൽ ഏഴ് പേർ മരിച്ചു. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് സംഭവം. അപകട സമയം 150ലേറെ വിനോദ സഞ്ചാരികൾ പ്രദേശത്തുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇവർ ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവർക്കായി സിക്കിം പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു. തലസ്ഥാനമായ ഗ്യാംഗ്ടോക്കിൽ നിന്ന് നാഥുലയിലേക്കുള്ള വഴിയിൽ ജവഹർ ലാൽ റോഡിലെ പതിനാലാം മൈലിലാണ് അപകടമുണ്ടായത്.

അഞ്ചോ അതിലധികമോ വാഹനങ്ങളും 30നടുത്ത് സഞ്ചാരികളും കുടുങ്ങിക്കിടക്കുന്നതായാണ് അനുമാനമെന്ന് സൈന്യം പറഞ്ഞു.

സമുദ്ര നിരപ്പിൽ നിന്ന് 4,310 മീറ്റർ (14,140 അടി) ഉയരത്തിലുള്ള ഈ സ്ഥലം ചൈന അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. അനുവദനീയമായ പരിധി കഴിഞ്ഞും സഞ്ചാരികൾ പോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.