പ്രതിപക്ഷ പാർട്ടികളുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ന്യൂ ഡൽഹി : കേന്ദ്രസർക്കാർ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കം 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് നിലപാടെടുത്ത തൃണമൂൽ കോൺഗ്രസ് ഹർജിയിൽ കക്ഷിയാണ്. ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം, ആർ.ജെ.ഡി, ഭാരത് രാഷ്ട്രസമിതി, എൻ.സി.പി, ജാർഖണ്ഡ് മുക്തി മോർച്ച, ജെ.ഡി.യു, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാർട്ടി, ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് തുടങ്ങിയവരാണ് മറ്റ് പ്രതിപക്ഷ പാർട്ടികൾ.
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇ.ഡിയെയും സി.ബി.ഐയെയും കേന്ദ്രസർക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വികാരമാണ്, രാജ്യത്തെ 42 ശതമാനം വോട്ടുകൾ നേടിയ പ്രതിപക്ഷ പാർട്ടികൾക്കുളളതെന്ന് ഹർജിയിൽ പറയുന്നു. ജനാധിപത്യം അപകടത്തിലാണ്. അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവയുമായി ബന്ധപ്പെട്ട് മാർഗരേഖ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.