ക്രൂരകൃത്യത്തിൽ ഞെട്ടിത്തരിച്ച് നാട്, ഭാവഭേദങ്ങളില്ലാതെ മയൂർനാഥ്

Wednesday 05 April 2023 2:35 AM IST

തൃശൂർ: ഇഡ്ഡലിക്കൊപ്പം നൽകിയ കടലക്കറിയിൽ വിഷം കലർത്തി മകൻ അച്ഛനെ കൊലപ്പെടുത്തിയ വാർത്തയറിഞ്ഞതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്ടുകാർ. അടുത്തകാലത്തൊന്നും കേൾക്കാത്ത ക്രൂരകൃത്യം നാട്ടിൽ നടന്നതറിഞ്ഞ അമ്പരപ്പ് അവണൂർകാർക്ക് മാറിയിട്ടില്ല. മരിച്ച ശശീന്ദ്രന്റെ കുടുംബപ്രശ്‌നങ്ങളൊന്നും ആർക്കും അറിവില്ലായിരുന്നു.

സാമ്പത്തികമായി ഉയർന്നനിലയിലുള്ള കുടുംബമായിരുന്നു ശശീന്ദ്രന്റേത്. മയൂർനാഥിന്റെ അമ്മ മരിച്ച ശേഷം തുടങ്ങിയ വഴക്കും മാനസിക പ്രശ്‌നങ്ങളും ആ കുടുംബത്തിന് ഇങ്ങനെയൊരു ദുർവിധിയുണ്ടാക്കുമെന്ന് ആരും കരുതിയിരുന്നില്ല.

മയൂർനാഥിന്റെ അമ്മ മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ആരും വീട്ടിലില്ലാതിരുന്ന സമയത്താണ് മയൂർനാഥിന്റെ അമ്മ പറമ്പിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. ഒരു വർഷത്തിനകം ശശീന്ദ്രൻ വിവാഹം ചെയ്തത്, പ്രായമായ അമ്മയെ നോക്കാൻ ആളില്ലാത്ത നിലയുണ്ടായിരുന്നതിനാലാണെന്നാണ് പറയുന്നത്. അമ്മയെ സഹായിക്കാനും മറ്റും ഒരാൾ വേണമെന്നത് അനിവാര്യമായപ്പോൾ വിവാഹം പെട്ടെന്ന് നടത്തി. അന്നേരം മയൂർനാഥിന് എതിർപ്പില്ലായിരുന്നു. പക്ഷേ, നിശബ്ദമായി എതിർപ്പുയർത്തിയിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്. മനസിൽ ഉള്ളത് പുറത്തു കാണിക്കാതെ നടന്നു.

നാട്ടുകാരും സംശയിച്ചു

പൊലീസ് ആദ്യമേ മയൂർനാഥിനെ സംശയിച്ചിരുന്നു. നാട്ടുകാരിൽ ചിലർ അത് പങ്കിടുകയും ചെയ്തു. പ്രശ്‌നം വീട്ടിനുള്ളിൽ നിന്നാണെന്ന് പലരും പറഞ്ഞു. മയൂർനാഥ് മാത്രം ഭക്ഷണം കഴിച്ചില്ലെന്നതിൽ ദുരൂഹത പരന്നു. അടുത്ത കാലത്ത് വയറിന്റെ പ്രശ്‌നത്തിന് ശസ്ത്രക്രിയ നടത്തിയ ശേഷം കട്ടിയാഹാരം കഴിച്ചു തുടങ്ങിയിട്ടില്ലെന്നതും ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നുവെന്നതും കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാനുളള അവസരമാക്കിയതാണെന്ന ആക്ഷേപവും ശക്തമായി. തൊഴിലാളികൾ രാവിലെ നേരത്തെ പണിയ്‌ക്കെത്തിയെങ്കിലും പ്രഭാതഭക്ഷണം കഴിച്ചത് ഒമ്പതുമണിയോടെയാണ്. ശശീന്ദ്രൻ നല്ല ആരോഗ്യമുള്ളയാളായതിനാൽ നന്നായി ഭക്ഷണവും കഴിച്ചു. അതുകൊണ്ട് അസ്വസ്ഥതയും പെട്ടെന്നുണ്ടായി. ബാക്കി വന്ന കടലക്കറിയാണ് അമ്മയ്ക്കും തൊഴിലാളികൾക്കുമെല്ലാം ഗീത നൽകിയത്. അമ്മ കുറച്ചേ ഭക്ഷണം കഴിച്ചുള്ളൂ. അതുകൊണ്ട് ഫലപ്രദമായ ചികിത്സ നൽകിയതിനാൽ അവർ അപകടനില തരണം ചെയ്തു. കടലക്കറിയിൽ കലർത്തി അച്ഛനെ മാത്രം കൊലപ്പെടുത്തുക എന്നതായിരുന്നു മയൂർനാഥിന്റെ ഉദ്ദേശം. ഇതിനുശേഷം ജീവനൊടുക്കാനും പദ്ധതി ഇട്ടിരുന്നു. എന്നാൽ രണ്ടാനമ്മ ഗീതയും ശശീന്ദ്രന്റെ അമ്മ കമലാക്ഷിയും തോട്ടത്തിലെ ജോലിക്കാരും ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണതോടെ ഈ ശ്രമം ഉപേക്ഷിച്ചു.