തേവർ തിരിച്ചെത്തി: ഉത്രം വിളക്ക് ആഘോഷിച്ചു

Wednesday 05 April 2023 2:47 AM IST

തൃപ്രയാർ: ആറാട്ടുപുഴ പൂരച്ചടങ്ങുകൾ പൂർത്തിയാക്കി തേവർ മടങ്ങിയെത്തി. ചൊവ്വാഴ്ച രാവിലെ ആറാട്ടുപുഴയിൽ നിന്ന് തിരിച്ചെഴുന്നള്ളിയ തേവർ വഴിനീളെ ഭക്തരുടെ പറ സ്വീകരിച്ചു. ചിറയ്ക്കൽ വെണ്ട്രശ്ശേരി ക്ഷേത്രത്തിൽ തേവർക്കൊപ്പമുള്ള ഭക്തർക്ക് കഞ്ഞിയും പുഴുക്കും നൽകി. ആയിരക്കണക്കിന് പേരാണ് പ്രസാദക്കഞ്ഞി കഴിക്കാനെത്തിയത്. തുടർന്ന് ഭക്തരുടെ വലിയ പങ്കാളിത്തത്തോടെ തേവർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പുഴയുടെ ഇരുകരകളിലും നൂറ് കണക്കിന് പേരാണ് തേവരെ കാത്തുനിന്നത്. രാമനാമങ്ങൾക്കും ശംഖനാദത്തിനുമിടയിൽ തേവർ പള്ളിയോടത്തിൽ പുഴ കടന്ന് ക്ഷേത്രത്തിലെത്തി.

തേവർ ഉത്രം വിളക്ക് ആഘോഷിച്ചു

തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന തൃപ്രയാർ തേവർ ഉത്രം വിളക്ക് ആഘോഷിച്ചു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് തേവർ ക്ഷേത്രത്തിൽ തിരിച്ചെത്തിയത്. ഉഷപൂജ കഴിഞ്ഞ് ഊരായ്മക്കാർ കുളിച്ചുവന്ന് മണ്ഡപത്തിൽ ഇരുന്ന് ഉത്രം വിളക്ക് വെച്ച് ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ബ്രാഹ്മണിപ്പാട്ടിന് ശേഷം പടിഞ്ഞാറെ നടയിലെത്തിയ തേവർക്ക് പഞ്ചവാദ്യത്തോടെയുള്ള എതിരേൽപ്പ് നൽകി. പല്ലാട്ട് ബ്രഹ്മദത്തൻ സ്വർണ്ണക്കോലം വഹിച്ചു. തുടർന്ന് തേവർ സേതുക്കുളത്തിലെത്തി ആറാടി. ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തിയ തേവർ വിളക്കാചാരം കഴിഞ്ഞ് അകത്തേക്ക് എഴുന്നള്ളി. തുടർന്ന് ഏഴ് ആനകളോടെ ഉത്രം വിളക്ക് നടന്നു. ഇതോടെ തൃപ്രയാർ തേവരുടെ ആറാട്ടുപുഴ പൂര ചടങ്ങുകൾക്ക് സമാപനമായി.