ഗുണ്ടാ നേതാവ് ദീപക് ബോക്സർ മെക്സിക്കോയിൽ പിടിയിൽ
മെക്സിക്കോ സിറ്റി : ഡൽഹിയെ വിറപ്പിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ട ദീപക് ബോക്സർ മെക്സിക്കോയിൽ പിടിയിലായി. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) സഹായത്തോടെ നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയിൽ എത്തിക്കുമെന്ന് ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊടും ക്രിമിനലായ ഒരാളെ ഡൽഹി പൊലീസ് ഇന്ത്യക്ക് പുറത്തുവച്ച് പിടികൂടുന്നത് ഇതാദ്യമായാണ്.
2022 ഓഗസ്റ്റിൽ സ്ഥലക്കച്ചവടക്കാരനായ അമിത് ഗുപ്തയെ ഡൽഹി സിവിൽ ലൈൻസിലുള്ള തിരക്കേറിയ റോഡിലിട്ട് വെട്ടിക്കൊന്ന കേസിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ കുറിച്ചു വിവരങ്ങൾ നൽകുന്നവർക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ഇതേ തുടർന്ന് കൊൽക്കത്തയിലൂടെ ജനുവരി 29ന് വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് രാജ്യം കടന്നതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിൽ കുപ്രസിദ്ധമായ രണ്ട് ഗുണ്ടാ സംഘങ്ങളിൽ ഗോഗി ഗ്യാംഗിന്റെ നേതാവാണ് ദീപക്. മറ്റൊന്നാണ് തില്ലു തേജ്പുരിയ ഗ്യാംഗ്. ഗോഗി ഗ്യാംഗിന്റെ നേതാവായിരുന്ന ജിതേന്ദർ ഗോഗി 2021ൽ കൊല്ലപ്പെട്ടതിനു ശേഷമാണ് ദീപക് നേതാവായത്. ഗോഗിയെ തില്ലു ഗ്യാംഗ് കോടതിയിൽ വച്ച് അഭിഭാഷകരുടെ വേഷത്തിലെത്തി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. തില്ലു തേജ്പുരിയ ഗ്യാംഗിലെ അംഗമായിരുന്നു അമിത് ഗുപ്തയെന്നാണ് ദീപക് ബോക്സർ താൻ നടത്തിയ കൊലപാതകത്തിന് കാരണമായി പറഞ്ഞത്. കവർച്ചാ ശ്രമമല്ല, വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു ഫേസ്ബുക്കിലൂടെ ദീപക് ബോക്സർ അറിയിക്കുകയും ചെയ്തിരുന്നു.