മർദോക്കിന്റെ അഞ്ചാം വിവാഹ നിശ്ചയം മാറ്റിവച്ചു

Wednesday 05 April 2023 2:58 AM IST

ലണ്ടൻ: മാദ്ധ്യമരാജാവ് റുപ്പർട്ട് മർദോക്കിന്റെ ആൻ ലെസ്ളി സ്മിത്തുമായുള്ള അഞ്ചാം വിവാഹത്തിനുള്ള നിശ്ചയം മാറ്റിവച്ചു. രണ്ടാഴ്ചമുമ്പാണ് ഇവർ വിവാഹിതരാവുകയാണെന്ന് പ്രഖ്യാപിച്ചത്. ഇൗ മദ്ധ്യവേനലിൽ നിശ്ചയം നടക്കുമെന്നായിരുന്നു പ്രഖ്യാപനം. ഡെന്റൽ ഹൈജീനിസ്റ്റായിരുന്ന 66കാരിയായ ആൻ ലെസ്ളിക്ക് 92കാരനായ മർദോക്ക് 11 കാരറ്റുള്ള 2 മില്യൺ പൗണ്ട് വില വരുന്ന വജ്രമോതിരം കഴിഞ്ഞ മാസം

സമ്മാനമായി നൽകിയിരുന്നു. മർദോക്കിന്റെ മുന്തിരത്തോപ്പിൽ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് ഇവർ പരിചയപ്പെട്ടത്. ആദ്യകാഴ്ചയിൽ തന്നെ പ്രേമത്തിലകപ്പെട്ട തങ്ങൾ ഇൗ പ്രേമം ദൈവത്തിന്റെ സമ്മാനമായാണ് കാണുന്നതെന്ന് അവർ നേരത്തെ വിശദീകരിച്ചിരുന്നു. കഴിഞ്ഞ രാത്രിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം നിശ്ചയം മാറ്റിവയ്ക്കാമെന്ന് ഇരുവരും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും അറിയിച്ചു. എന്നാൽ, പുതുക്കിയ നിശ്ചയതീയതി പ്രഖ്യാപിച്ചിട്ടില്ല.