മിലിട്ടറി ബ്ളോഗറുടെ കൊലപാതകം: ഡാര്യയ്ക്കെതിരേ തീവ്രവാദ കേസ്
മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ കഫേയിലുണ്ടായ സ്ഫോടനത്തിൽ മിലിട്ടറി ബ്ലോഗർ വ്ലാഡ്ലെർ ടറ്റാർസ്കി കൊലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഡാര്യ ട്രെപോവയ്ക്കെതിരേ തീവ്രവാദക്കുറ്റം ചുമത്തി കേസെടുത്തു. വ്ലാഡ്ലെറിന് കഫേയിൽ കൊണ്ടു ചെന്ന് നൽകി ചെറു പ്രതിമയാണ് പൊട്ടിത്തെറിച്ചത്. ഈ പ്രതിമ താനാണ് വ്ലാഡ്ലെറിന് നൽകിയതെന്നു ഡാര്യ ട്രെപോവ വെളിപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, ഈ പ്രതിമയിൽ എന്തെങ്കിലും സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായോ അതുമായി ബന്ധപ്പെടുന്ന എന്തെങ്കിലും വസ്തുതകളോ ഇവർ പറയുന്നില്ല.
അതേസമയം, സ്ഫോടനത്തിനു പിന്നിൽ രാജ്യത്തിനെതിരേ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ തന്നെയാണെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി പറയുന്നത്. സ്ഫോടനത്തിനു പിന്നിൽ യുക്രെയിൻ സ്പെഷ്യൽ സർവീസസ് ആണെന്നും പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുമായി ബന്ധമുള്ള ഏജന്റുമാരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയതെന്നും റഷ്യയുടെ തീവ്രവാദ വിരുദ്ധ കമ്മിറ്റി ആരോപിച്ചു.