ബ്രിട്ടണിൽ ടിക് ടോക്കിന് 12.7 മില്യൺ പൗണ്ട് പിഴ
ലണ്ടൻ: കുട്ടികളുടെ സ്വകാര്യത സൂക്ഷിച്ചില്ലെന്ന കുറ്റത്തിന് ടിക് ടോക്കിന് യു.കെയിലെ നിരീക്ഷണസമിതിയായ ഐ.സി.ഒ 12.7 മില്യൺ പൗണ്ട് (104 കോടി രൂപ) പിഴയിട്ടു. 2020ൽ ടിക് ടോക് ഉപയോഗിച്ച 13 വയസിനു താഴെയുള്ള 1.4 ദശലക്ഷം കുട്ടികളുടെ സ്വകാര്യത ലംഘിച്ചുവെന്നാണ് കുറ്റം. മാതാപിതാക്കളുടെ സമ്മതമില്ലാതെ വീഡിയോ പങ്കുവച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഐ.സി.ഒ (ഇൻഫർമേഷൻ കമ്മിഷണേഴ്സ് ഒാഫീസ്) നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ടിക് ടോക് ഉപയോഗിക്കാൻ 13 വയസ് പ്രായപരിധി വച്ചിരുന്നുവെങ്കിലും അതിന് താഴെയുള്ള കുട്ടികൾക്കും മാതാപിതാക്കളുടെ അനുവാദമില്ലാതെ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിരുന്നു. ഇതിലൂടെ കുട്ടികളുടെ ഡേറ്റ കൈവശപ്പെടുത്താനും പ്രൊഫൈലിലൂടെ അനുചിതവും വിനാശകാരികളുമായ കണ്ടന്റുകൾ കൈമാറിയിരിക്കാനും സാദ്ധ്യതയുണ്ടെന്നും ഐ.സി.ഒ സംശയിക്കുന്നു. ''കുട്ടികൾ ഡിജിറ്റൽ ലോകത്തും യഥാർത്ഥ ലോകത്തെ പോലെ സുരക്ഷിതരായിരിക്കണമെന്ന നിയമങ്ങളുണ്ട്. ഇൗ നിയമങ്ങൾ ടിക് ടോക് പാലിച്ചില്ല. കുട്ടികൾക്ക് ടിക് ടോക്കിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞതിനാൽ 1 ദശലക്ഷത്തിലേറെ കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങളാണ് കൈക്കലാക്കാനായത്. ടിക് ടോക്കിന് കാര്യങ്ങൾ നന്നായി അറിയാമായിരുന്നു. ഇതിലും ഭംഗിയായി അവർക്ക് കാര്യങ്ങൾ ചെയ്യാനും കഴിയുമായിരുന്നു. അതിനാലാണ് അവരുടെ വീഴ്ചയ്ക്ക് ഇത്രയും വലിയ തുക പിഴയിട്ടതിൽ പ്രതിഫലിക്കുന്നത്."" ഐ.സി.ഒ ചൂണ്ടിക്കാട്ടി. ഐ.സി.ഒ ചുമത്തിയ പിഴകളിൽ വലിയ പിഴകളിൽ ഒന്നാണിത്.