പദ്മതീർത്ഥത്തിലെ മാലിന്യങ്ങൾ നീക്കി സമൂഹമാദ്ധ്യമ കൂട്ടായ്മ
തിരുവനന്തപുരം: ആക്ഷേപങ്ങൾക്കൊടുവിൽ പദ്മതീർത്ഥത്തെ മലീമസമാക്കിയിരുന്ന പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കി. പൈങ്കുനി ഉത്സവനിറവിലായിരുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്മതീർത്ഥം മാലിന്യങ്ങളിൽ ആറാടുന്നത് സംബന്ധിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് 'ഒരുനഗരത്തിന്റെ കഥ"യെന്ന സമൂഹമാദ്ധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. സുപ്രീംകോടതി നിയോഗിച്ച ക്ഷേത്ര ഭരണസമിതിയിലെ കൊട്ടാരം പ്രതിനിധിയായ അവിട്ടം തിരുനാൾ ആദിത്യവർമ്മയും ശുചീകരണത്തിൽ പങ്കെടുത്തു. പെഡൽ ബോട്ടുപയോഗിച്ച് പദ്മതീർത്ഥത്തിൽ പലഭാഗത്തായി അടിഞ്ഞുകൂടിയ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൂട്ടായ്മ പ്രവർത്തകർ നീക്കി. കോടികൾ ചെലവഴിച്ച് നവീകരിച്ച പദ്മതീർത്ഥത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് ഭക്തരിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പലരും മാലിന്യത്തിന്റെ ഫോട്ടോയും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വെള്ളത്തിൽ പൊന്തിക്കടന്ന മാലിന്യങ്ങൾ മാത്രമാണ് കൂട്ടായ്മ പ്രവർത്തകർക്ക് നീക്കാനായത്. എന്നാൽ മണ്ഡലകാലത്ത് അന്യസംസ്ഥാന തീർത്ഥാടകർ ഉപേക്ഷിച്ച വസ്ത്രങ്ങൾ അടിത്തട്ടിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതും വെള്ളം മലിനമാകാൻ കാരണമാണ്. ചെളിക്കൊപ്പം അടിത്തട്ടിലടിഞ്ഞ പഴന്തുണികൾ എങ്ങനെ നീക്കം ചെയ്യുമെന്നതിൽ തീരുമാനമായിട്ടില്ല. വിദഗ്ദ്ധരുടെ സഹായത്തോടെ മാലിന്യങ്ങൾ പൂർണമായും നീക്കുമെന്നാണ് ക്ഷേത്രഭരണസമിതി അറിയിച്ചിരുന്നതെങ്കിലും ഇതിനുള്ള ഔദ്യോഗിക നടപടികളൊന്നും ആരംഭിച്ചിട്ടില്ല. പദ്മതീർത്ഥക്കരയിലെ റോഡുകളിൽ നിന്നും പ്ളാസ്റ്റിക്കും മറ്റും പദ്മതീർത്ഥത്തിലേക്ക് തള്ളുന്നത് തടയാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല. പദ്മതീർത്ഥവും റോഡുകളും പൂർണമായും കാമറ നിരീക്ഷണത്തിലാക്കി സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചാലെ മാലിന്യം തള്ളലിന് പരിഹാരമാകൂ. ക്ഷേത്രം തന്ത്രിമാരായ തരണനല്ലൂർ തന്ത്രിമാർ പൂജാദികർമ്മങ്ങൾക്കായി അമ്പലത്തിലേക്ക് കയറുംമുമ്പ് പദ്മതീർത്ഥത്തിലാണ് സ്നാനം ചെയ്യുന്നത്.