6 ജീവിതങ്ങളുടെ 6 ലോകങ്ങൾ
താരസമ്പന്നമല്ല ഈ ചിത്രം. ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളുടെയും ഒരു ട്രാൻസ്മാന്റെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതയായ ശ്രുതി ശരണ്യം രചനയും സംവിധാനവും നിർവഹിച്ച ബി 32 മുതൽ 44 വരെ എന്ന ചിത്രം പ്രമേയം കൊണ്ട് തന്നെയാണ് വ്യത്യസ്തമാകുന്നത്. പെൺ ശരീരത്തിന്റെ അളവും അതിലെ രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ചിത്രത്തിന്റെ പേര് നേരത്തെ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രമ്യ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷഹാബ്, അശ്വതി ബി, കൃഷ കുറുപ്പ്, പുതുമുഖം റെയ്ന രാധാകൃഷ്ണൻ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്ത്രീ സംവിധായകരെ സഹായിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര കോർപ്പറേഷൻ നിർമ്മിച്ച സിനിമ കൂടിയാണ് ബി 32 മുതൽ 44 വരെ. മുപ്പതോളം വനിതകളാണ് കാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ചിട്ടുള്ളത്. അതിമനോഹരമായ മെലഡികളും ത്രസിപ്പിക്കുന്ന ട്രാക്കുകളുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രുതി ശരണ്യത്തിന് മികച്ച സംവിധായിക എന്ന കൈയ്യൊപ്പ് പതിപ്പിക്കാൻ ചിത്രത്തിലൂടെ കഴിഞ്ഞു. ഹരീഷ് ഉത്തമൻ, രമ്യ സുവി, സജിത മഠത്തിൽ, ജിബിൻ ഗോപിനാഥ്, നീന ചെറിയാൻ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുദീപ് ഇളമൺ ആണ് ഛായാഗ്രഹണം. സംഗീതം സുദീപ് പാലനാട്. മഹേഷ് നാരായണന്റെ മേൽനോട്ടത്തിൽ ചിത്ര സംയോജനം നിർവഹിച്ചത് രാഹുൽ രാധാകൃഷ്ണൻ ആണ്. അർച്ചന വാസുദേവ് കാസ്റ്റിംഗും രമ്യ സർവ്വദാസ് മുഖ്യ സംവിധാന സഹായവും അഞ്ജന ഗോപിനാഥ് നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ നിർവഹിക്കുന്നു.