മുഖ്യമന്ത്രിയുടെ വിരുന്നിൽ ലോകായുക്ത പങ്കെടുത്തത് അനൗചിത്യം: എൻ.കെ.പ്രേമചന്ദ്രൻ

Friday 07 April 2023 12:49 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് അനൗചിത്യവും നീതിബോധത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. രാജ്യത്തെ ഭരണകർത്താക്കളും ന്യായാധിപന്മാരും പാലിച്ചിരുന്ന സ്വയം നിയന്ത്രണങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണിത്. ലോകായുക്ത പരിഗണിക്കുന്ന കേസിൽ കക്ഷിയായ മുഖ്യമന്ത്രി വാദം കേൾക്കുന്ന ന്യായാധിപന്മാരെ അതിഥിയായി ക്ഷണിച്ചതും അവർ ആതിഥേയത്വം സ്വീകരിച്ചതും അസ്വാഭാവികമാണ്. കേസിൽ ലോകായുക്തയുടെ ഉത്തരവിന്മേൽ ഉന്നതനീതിപീഠങ്ങളിൽ നിന്ന് പരിഹാരം നേടാൻ കക്ഷികൾ ശ്രമിക്കുന്നതിനിടയിലാണ് ഈ ഒത്തുകൂടൽ. നീതിന്യായവ്യവസ്ഥയിൽ ന്യായാധിപന്മാർ പാലിക്കേണ്ടതായ അച്ചടക്കം ലോകായുക്തയും ഉപലോകായുക്തയും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. സുപ്രീംകോടതിയിൽ കക്ഷിയായിരുന്ന സർവകലാശാല നൽകിയ ഡി.ലിറ്റ് ബിരുദം സ്വീകരിക്കാനെത്തിയ ന്യായധിപനെ രൂക്ഷമായി വിമർശിച്ച സി.പി.എം,​ ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കണം. നീതിബോധത്തെക്കുറിച്ചുള്ള പൊതുധാരണ അട്ടിമറിക്കുന്നതാണ് ലോകായുക്തയുടെ നിലപാടെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.