ഷാരൂഖ് സെയ്ഫി റിമാൻഡിൽ, മജിസ്‌ട്രേറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് മെഡിക്കൽ കോളേജിലെത്തി; പ്രതിയ്‌ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് മജിസ്‌ട്രേറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഈ മാസം ഇരുപത് വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റും. മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. ഷാരൂഖിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശരീരത്തിലേറ്റ പൊള്ളൽ ഗുരുതരമല്ല. കണ്ണിന് ചെറുതായി നീരുണ്ട്. എന്നാൽ ഇത് കാഴ്ചയെ ബാധിക്കുന്നില്ല.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഷാരൂഖിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണ സംഘം പ്രതിയ്‌ക്കുവേണ്ടിയുള്ള കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കും.
കോഴിക്കോട്ട് ആരെയൊക്കെ കണ്ടു. ബാഗിലെ ഭക്ഷണം എവിടെനിന്ന് ? പെട്രോൾ ഏത് പമ്പിൽ നിന്ന്? കുപ്പികളിൽ പെട്രോളോ രാസദ്രാവകമോ?ആരുടെയും കണ്ണിൽപെടാതെ കണ്ണൂർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതെങ്ങനെ ?കോഴിക്കോട്ട് ഇയാൾക്കൊപ്പം കയറിയതാര് തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇയാളിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതായുണ്ട്.