'നമ്മുടെ രാഹുൽ ഗാന്ധിയ്ക്ക് ശിക്ഷ വിധിച്ച ജഡ്‌ജിയുടെ നാവ് പിഴുതെടുക്കും'; ഭീഷണിപ്രസംഗവുമായി ഡി സി സി പ്രസിഡന്റ്

Saturday 08 April 2023 12:28 PM IST

ചെന്നൈ: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് ശിക്ഷ വിധിച്ച സൂറത്ത് കോടതി ജഡ്‌ജിയ്‌ക്കെതിരെ ഭീഷണി മുഴക്കി തമിഴ്‌നാട് ഡിണ്ടിഗൽ ‌ഡി സി സി പ്രസിഡന്റ് മണികണ്ഠൻ. സൂറത്ത് കോടതി ജഡ്‌ജി എച്ച് വർമ്മയുടെ നാവ് പിഴുതെടുക്കുമെന്നായിരുന്നു പ്രസംഗത്തിനിടെ മണികണ്ഠൻ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഡി സി സി പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു.

കോൺഗ്രസ് എസ് സി, എസ് ടി വിഭാഗത്തിന്റെ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു മണികണ്ഠന്റെ പരാമർശം. 'മാർച്ച് 23ന് സൂറത്ത് കോടതി ജഡ്ജി നമ്മുടെ നേതാവായ രാഹുൽ ഗാന്ധിയ്ക്ക് രണ്ടുവ‌ർഷത്തെ ത‌ടവുശിക്ഷ വിധിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജഡ്‌ജി എച്ച് വർമ്മയുടെ നാവ് ഞങ്ങൾ പിഴുതെടുക്കും'- എന്നായിരുന്നു പ്രസംഗത്തിനിടെ മണികണ്ഠൻ പറഞ്ഞത്.

ബി ജെ പി നേതാവും എ ഐ എ ഡി എം കെ അംഗവുമായ നിർമൽ കുമാറാണ് പ്രസംഗത്തിന്റെ ഭാഗങ്ങൾ പുറത്തുവിട്ടത്. ഭീഷണിപ്രസംഗം നടത്തിയിട്ടും പതിവുപോലെ തമിഴ്‌നാട് പൊലീസ് നടപടിയെടുത്തില്ലെന്ന് പറഞ്ഞായിരുന്നു നിർമൽ കുമാർ ദൃശ്യം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് മണികണ്ഠനെതിരെ പൊലീസ് കേസെടുത്തത്.