ട്രെയിലറല്ല, ആടുജീവിതത്തിന്റെ ദൃശ്യങ്ങൾ ചോർന്നത് വിഷമകരമെന്ന് ബ്ളസി
ആടുജീവിതം എന്ന ചിത്രത്തിന്റെ ട്രെയിലറല്ല ചോർന്നതെന്ന് പ്രതികരിച്ച് സംവിധായകൻ ബ്ളസി. ഗ്രേഡ് അടക്കം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുള്ള ചില ദൃശ്യങ്ങളാണ് ചോർന്നതെന്നും ഇതിൽ അതിയായ ദുഃഖമുണ്ടെന്നും തന്റെ ഫേസ്‌ബുക്ക് പേജിൽ വീഡിയോ പങ്കുവച്ച് ബ്ളസി പറഞ്ഞു.ആടുജീവിതത്തിന്റെ കുറച്ചു ദൃശ്യങ്ങൾ അനൗദ്യോഗികമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. യു.എസിലെ ഡെഡ്ൈലൻ എന്ന മാഗസിനിലാണ് ദൃശ്യങ്ങൾ ആദ്യമായി വന്നതെന്ന് മനസിലാക്കുന്നു. ഇത് മൂന്നു മിനിട്ടു വരുന്ന ഒരു കണ്ടന്റ് ആണ്. ട്രെയിലർ എന്ന രീതിയിൽ വിളിക്കാൻ പറ്റില്ല. ചലച്ചിത്രമേളകൾക്കും ലോകമെമ്പാടുമുള്ള റിലീസിനു വേണ്ടി ഏജൻസിനെ കാണിക്കാനുള്ള ദൃശ്യങ്ങളാണ് അവ. ഇത് ഇപ്പോൾ ഇങ്ങനെ പ്രചരിക്കുന്നതിൽ ഞങ്ങൾക്ക് നല്ല ദുഃഖമുണ്ട്. ചിത്രത്തിന്റെ അവസാന ഘട്ട ജോലികൾ നടക്കുന്നതേയുള്ളൂ. ബ്ളസി പറഞ്ഞു. ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിൽ ചോർന്ന സാഹചര്യത്തിൽ പൃഥ്വിരാജ് ഔദ്യോഗികമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ജീവിതാവസ്ഥ കാട്ടുന്നതാണ് ദൃശ്യങ്ങളിൽ. ഒക്ടോബർ 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അമല പോളും ശോഭമോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റു താരങ്ങൾ. എ.ആർ. റഹ്മാൻ ആണ് സംഗീത സംവിധാനം. കെ.എസ്. സുനിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. മാജിക് ഫ്രെയിംസാണ് വിതരണം.