ചുവന്ന മണ്ണ് ഫയർസ്റ്റേഷൻ നിർമ്മാണം ഈ വർഷം : മന്ത്രി രാജൻ

Saturday 08 April 2023 6:53 PM IST

പട്ടിക്കാട്: ദേശീയപാതയിൽ വർദ്ധിച്ചു വരുന്ന അപകടം കണക്കിലെടുത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ദേശീയ പാത അതോറിറ്റിയുടെ അധീനതയിലുള്ള ചുവന്ന മണ്ണിലെ സ്ഥലത്ത് നിന്ന് 50 സെന്റ് സ്ഥലം അടിയന്തരമായി അനുവദിക്കാൻ മന്ത്രി കെ.രാജൻ അതോറിറ്റിയോട് ആവശ്യപ്പെട്ടു. സംസ്ഥാന ബഡ്ജറ്റിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ 10 കോടി അനുവദിച്ചിരുന്നു. നിരന്തരമായി വാഹനാപകടം ഉണ്ടാകുന്ന ദേശീയപാതയോരത്ത് ഫയര്‍‌സ്റ്റേഷൻ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ദേശീയപാതയിൽ പുതുക്കാട് കഴിഞ്ഞാൽ പാലക്കാട് ജില്ലയിൽ ആലത്തൂരിൽ മാത്രമാണ് ഫയര്‍‌സ്റ്റേഷനുള്ളത്. ഫയര്‍‌സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേർന്നിരുന്നു. ദേശീയ പാത അതോറിറ്റിയിൽ നിന്ന് സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ലഭ്യമായാൽ ഈ വർഷം സ്റ്റേഷന്റെ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.