ഈസ്റ്റർ: സർവകാലാതീതമായ പ്രത്യാശയുടെ സന്ദേശം

Saturday 08 April 2023 7:18 PM IST

ഇരിങ്ങാലക്കുട: മനുഷ്യകുലത്തിന്റെ പാപ പരിഹാരത്തിനായി അവതരിച്ച ക്രിസ്തു തന്റെ പീഡാസഹനവും കുരിശുമരണവും പിന്നിട്ട് മഹത്വപൂർണനായി ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷവും അനുഷ്ഠാനവുമാണ് ഈസ്റ്ററെന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ. ജീവിതത്തിൽ വേദനകളും യാതനകളും കഷ്ടപ്പാടുകളും തീർക്കുന്ന ഇരുളിന്റെ തുരങ്കത്തിനപ്പുറം പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രഭാതമുണ്ടെന്ന സർവകാലാതീതമായ സന്ദേശമാണ് ക്രിസ്തുവിന്റെ ഉത്ഥാനം നൽകുന്നത്. എവിടെ മനുഷ്യൻ ഒറ്റപ്പെടുത്തപ്പെടുന്നുവോ എവിടെ അവൻ അവഗണിക്കപ്പെടുന്നുവോ, എവിടെ അവൻ മുറിവേൽപ്പിക്കപ്പെടുന്നുവോ അവിടെയൊക്കെ സഹനത്തിന്റെയും സഹിഷ്ണുതയുടെയും അവയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന്റെയും ഓർമപ്പെടുത്തലുകളുമായി ക്രിസ്തുവിന്റെ ഉയിർപ്പ് ഉയർന്നുനിൽക്കുന്നു. ജാതിമതഭേദമന്യേ സർവമനുഷ്യരും സാഹോദര്യത്തിൽ കൈകോർക്കണമെന്ന ദൈവികാഹ്വാനത്തിന്റെയും മാനവിക അനിവാര്യതയുടെയും ഈസ്റ്റർ സന്ദേശം, വിവിധ കാരണങ്ങളാൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ജീവിതത്തിൽ വഴിവിളക്കാകട്ടെയെന്നും മെത്രാൻ ആശംസിച്ചു.