പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് പദ്ധതി വേണം: ഹിന്ദു ഐക്യവേദി
തൃശൂർ : പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് സർക്കാർ കർമ്മപദ്ധതി തയ്യാറാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനസമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സാമൂഹികമായും സാമ്പത്തികമായും ദയനീയമായ സ്ഥിതിയിലായ ഈ വിഭാഗങ്ങളുടെ ഉയർച്ചയ്ക്ക് സംസ്ഥാന സർക്കാർ ഇടപെടണം. പ്രത്യേക പദ്ധതികൾ ഉണ്ടാകണം. സംസ്ഥാനത്ത് ഭൂരഹിതരായ നാലരലക്ഷം കുടുംബങ്ങളും വീടില്ലാത്ത എട്ടര ലക്ഷം കുടുംബങ്ങളുമുണ്ട്. ഇവർക്ക് ഭൂമി നൽകാൻ സർക്കാർ മുൻകൈയെടുക്കണം. പാട്ടക്കാലാവധി കഴിഞ്ഞ നാലര ലക്ഷം ഹെക്ടർ ഭൂമി സംസ്ഥാനത്തുണ്ട്. ഈ ഭൂമി ഏറ്റെടുത്ത് ഭൂമിയില്ലാത്തവർക്ക് നൽകാൻ നടപടി സ്വീകരിക്കണം. ക്ഷേത്രങ്ങൾ രാഷ്ട്രീയപാർട്ടികളുടെയും അവിശ്വാസികളുടെയും പിടിയിൽ നിന്ന് മോചിപ്പിക്കണം. ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണം. ക്ഷേത്ര വിശ്വാസികളോട് നീതി കാണിക്കാൻ തയ്യാറാകണം. വൈക്കം സത്യഗ്രഹ ശതാബ്ദിയോട് അനുബന്ധിച്ച് സംസ്ഥാനത്ത് സത്യഗ്രഹ ശതാബ്ദി സമ്മേളനം സംഘടിപ്പിക്കാനും ഐക്യവേദി സംസ്ഥാന സമ്മേളനം തീരുമാനിച്ചു. സംസ്ഥാനത്തെ മുന്നൂറോളം കേന്ദ്രങ്ങളിൽ സത്യഗ്രഹ ശതാബ്ദി സമ്മേളനം നടക്കും. വൈക്കം സത്യഗ്രഹം കേരളത്തിൽ സാമൂഹിക മുന്നേറ്റത്തിനും ഹിന്ദു ഐക്യത്തിനും വലിയ സംഭാവന നൽകിയ ഐതിഹാസിക സമരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.