ലൈവ് ചിത്രങ്ങളിലൂടെ ലക്ഷങ്ങൾ കൊയ്ത് ബബിത

Sunday 09 April 2023 1:18 AM IST

തിരുവനന്തപുരം: കൺമുന്നിലെത്തുന്ന കാഴ്ചകളെ ലൈവായി ക്യാൻവാസിലാക്കാൻ വെള്ളായണി സ്വദേശി ബബിത നായർക്ക്(41) നിമിഷങ്ങൾ മതി. വിദേശത്തും സ്വദേശത്തും ബബിതയുടെ ചിത്രങ്ങൾ ലക്ഷങ്ങൾ കൊടുത്തും വാങ്ങാൻ ആവശ്യക്കാരുണ്ട്. യാത്ര ഇഷ്ടപ്പെടുന്ന ബബിത എപ്പോഴും കൈയിലൊരു സ്കെച്ച് ബുക്കും പേനയും കരുതും. കൊഴിഞ്ഞ് വീഴാറായ ഇലകൾ, ചായക്കടയിലെ അപരിചിതരായ മനുഷ്യർ തുടങ്ങി എന്തും ബബിതയുടെ ക്യാൻവാസിൽ വിരിയും. ചിത്രങ്ങൾ കാണുന്നവർക്ക് ഒറ്റ നോട്ടത്തിൽ ഒരു ഫോട്ടോഗ്രാഫ് എന്നേ തോന്നു. ചിത്രത്തിന്റെ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങൾക്കും ബബിത പ്രാധാന്യം നൽകാറുണ്ട്.അക്രിലിക്ക്, എണ്ണച്ചായങ്ങൾ, ചാർക്കോൾ തുടങ്ങിയയാണ് ഉപയോഗിക്കുന്നത്. സൈക്കിൾ ഷോപ്പിന്റെ ഉടമ സൈക്കിൾ നന്നാക്കുന്ന ഒരു ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് വയറലായതോടെ ആത്മവിശ്വാസം കൂടി. മാസ്റ്രർപീസ് ചിത്രങ്ങൾ കൈവശം സൂക്ഷിച്ചിട്ടുണ്ട്.മറ്റുള്ളവ ലണ്ടൻ,ഓസ്ട്രേലിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വാങ്ങുന്നവരുണ്ട്. ഫ്രീലാൻസ് ആർട്ടിസ്റ്റായ ബബിത അവധിദിവസങ്ങളിൽ ചിത്രരചനാ പരിശീലന ക്ലാസുകളും നയിക്കാറുണ്ട്.