ലഹരി ഉപഭോഗം നിയന്ത്രിക്കും: സ്കൂഫെ പദ്ധതി കൂടുതൽ വിദ്യാലയങ്ങളിലേക്ക്

Saturday 08 April 2023 8:41 PM IST

കണ്ണൂർ: വിദ്യാർത്ഥികളുടെ നഗരത്തിലെ ചുറ്റി കറങ്ങൽ ഒഴിവാക്കുന്നതിനും ലഹരി ഉത്പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനും സ്കൂഫെ പദ്ധതി കൂടുതൽ വിദ്യാലയങ്ങളിലേക്കെത്തുന്നു .ഇതിനായി 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ലഘുഭക്ഷണവും സ്റ്റേഷനറി സാധനങ്ങളും സ്കൂളുകളിൽ തന്നെ ലഭ്യമാക്കുന്ന പദ്ധതിയായ സ്കൂഫെ അടുത്ത അദ്ധ്യയന വർഷം മുതൽ പദ്ധതി 25 സ്കൂളുകളിൽ കൂടി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.നിലവിൽ വിദ്യാർത്ഥികൾ ധാരളമായി സ്കൂളിന് സമീപത്തുള്ള ടൗണുകളിലെ കടകളിലും മറ്റുമായി ചുറ്രി തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരം കുട്ടികളെ ലഹരി മാഫിയകൾ പ്രലോഭിപ്പിക്കാനുള്ള സാഹചര്യമുൾപ്പെടെ മുന്നിൽ കണ്ടാണ് അധികൃതരുടെ നടപടി.

കഴിഞ്ഞ അദ്ധ്യയന വർഷം ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചായിരുന്നു പദ്ധതി യാഥാർത്ഥ്യമാക്കിയത്. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലും കരിവെള്ളൂർ, രാമന്തള്ളി, പെരിങ്ങോം വയക്കര, പിണറായി പഞ്ചായത്തുകളിൽ ഓരോ സ്‌കൂളുകളിലുമാണ് പദ്ധതി ആരംഭിച്ചത്.ഇവിടെയെല്ലാം അദ്ധ്യാപകരും വിദ്യാർത്ഥികളും പദ്ധതിക്ക് മികച്ച പിന്തുണയാണ് നൽകിയത്.കുടുംബശ്രീയും ജില്ലാ പഞ്ചായത്തും ചേർന്നാണ് സ്കൂഫെ പദ്ധതി നടപ്പിലാക്കുന്നത്.കൂടുതൽ സ്‌കൂളുകൾ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടു വന്നതോടെ ജില്ല പഞ്ചായത്ത് കൂടുതൽ തുക അനുവദിച്ചത്. നിലവിൽ പേന, പെൻസിൽ, നോട്ടുബുക്കുകൾ തുടങ്ങിയവയാണ് ലഭിക്കുന്നത്.

20 രൂപയ്ക്ക് ഉച്ച ഭക്ഷണം

അടുത്ത അദ്ധ്യയന വർഷം മുതൽ ലഘുഭക്ഷണവും ഊണും ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലിലെ 20 രൂപയുടെ ഉച്ച ഭക്ഷണം ഇവിടെയെത്തിച്ച് കുട്ടികൾക്ക് വിതരണം ചെയ്യും. സ്‌കൂഫെക്ക് ആവശ്യമായ സ്ഥല സൗകര്യം ഒരുക്കേണ്ടത് അതാത് സ്‌കൂളുകളാണ്. സ്ഥല സൗകര്യം ഒരുക്കുന്ന വിദ്യാലയങ്ങൾക്ക് 50,000 രൂപയാണ് ധന സഹായമായി നൽകുക. പ്രത്യേക സ്ഥലം ഇല്ലാത്ത സ്‌കൂളുകളിൽ പ്രത്യേക കിയോസ്‌ക് തുടങ്ങേണ്ടി വരും. ഇതിനായി രണ്ടര ലക്ഷവും അനുവദിക്കും. സ്‌കൂഫേയിലെ ഭക്ഷണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടിയും അധികൃതർ സ്വീകരിക്കും.