അരിക്കൊമ്പൻ പറമ്പിക്കുളത്തേക്കെങ്കിൽ പ്രക്ഷോഭമെന്ന് എം.എൽ.എ
- അതിരപ്പിള്ളി പഞ്ചായത്തും പ്രക്ഷോഭത്തിലേക്ക്
ചാലക്കുടി: മൂന്നാറിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിലെത്തിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം നടപ്പിലാക്കരുതെന്ന് ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവേകമില്ലാത്ത തീരുമാനത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.
നിരവധി ആനകളുടെ ശല്യത്താൽ ആദിവാസികളടക്കമുള്ള അതിരപ്പിള്ളിയിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.
മൂന്നാറിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ കൂടി പറമ്പിക്കുളത്ത് ഇറക്കിവിട്ടാൽ അതിരപ്പിള്ളിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ചാലക്കുടിയിൽ വിളിച്ചുകൂട്ടിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് ജില്ലാ അതിർത്തിയ മുതിരച്ചാലിലാണ് അരിക്കൊമ്പനെ എത്തിക്കുന്നതെന്ന് അറിയുന്നു.
പത്ത് കിലോ മീറ്റർ മാത്രം ദൂരമുള്ള അതിരപ്പിള്ളിയിലേക്ക് അരിക്കൊമ്പന് നിഷ്‌പ്രയാസം വരാനാകും. നിലവിൽ കബാലിയെ ഭയന്നാണ് ഷോളയാറടക്കമുള്ള മേഖലയിലെ ദിവസങ്ങൾ കടന്നുപോകുന്നത്. ഇതിന്റെ പരാക്രമത്താൽ ആഴ്ചകളോളം മലക്കപ്പാറ മേഖലയിലെ വിനോദ സഞ്ചാരം നിറുത്തേണ്ടിവന്നു. അരിക്കൊമ്പന്റെ വരവ് ജനങ്ങളെ ഗുരുതരമായ അവസ്ഥയിലെത്തിക്കുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധസമിതി വേണ്ടത്ര പഠനം നടത്താതെയാണ് അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടാൻ ശുപാർശ ചെയ്തത്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിവിധ സംഘടനകളെയും അണിനിരത്തിയാകും പ്രതിരോധം തീർക്കുക. ഇതോടൊപ്പം ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ കക്ഷി ചേരും. ഇതിനായി സമീപപ്രദേശങ്ങളിലെ എല്ലാ പഞ്ചായത്ത് ഭരണസമിതികളുമായി ബന്ധപ്പെട്ടു. അവർ അനുകൂല നിലപാടറിയിച്ചിട്ടുണ്ട്. പത്തോളം ആദിവാസി കോളനികൾ ഉൾപ്പെടുന്ന അതിരപ്പിള്ളി മേഖലയ്ക്ക് അരിക്കൊമ്പന്റെ വരവ് താങ്ങാവുന്നതിലും അപ്പുറമാണ്.
പ്രക്ഷോഭവുമായി അതിരപ്പിള്ളി പഞ്ചായത്ത്
അരിക്കൊമ്പനെ പറമ്പിക്കുളത്തെ മുതിരച്ചാലിലെത്തിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി അതിരപ്പിള്ളി പഞ്ചായത്തും. സമര പരിപാടികൾക്ക് രൂപം നൽകാൻ തിങ്കളാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ആതിര ദേവരാജൻ അറിയിച്ചു. രാവിലെ 11ന് പഞ്ചായത്ത് ഹാളിലാണ് യോഗം ചേരുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുക്കും.