നഗരത്തിൽ മാലമോഷണം 24മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

Sunday 09 April 2023 12:05 AM IST

തിരുവനന്തപുരംം : വയോധികന്റെ മാല പിടിച്ചു പറിച്ച കേസിലെ പ്രതിയെ പരാതി കിട്ടി 24 മണിക്കൂറിനുള്ളിൽ പൊലീസ് പൊക്കി.നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുണ്ടറ സ്വദേശി രാജീവിനെയാണ് (42) ഫോർട്ട് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് റിട്ടയേർഡ് അദ്ധ്യാപകനായ സോമശേഖരൻനായരുടെ മാലപഴവങ്ങാടി ഭാഗത്തു വച്ച് പ്രതി കവർന്നത്.മാസ്‌ക് ധരിച്ചെത്തിയ പ്രതി പഴയ പരിചയക്കാരനെന്ന ഭാവത്തിൽ സോമശേഖരൻ നായരോട് സംസാരിച്ച ശേഷം തൊട്ടടുത്ത ഇടറോഡിലേക്ക് കൊണ്ടു പോയി മൂന്നര പവൻ മാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു.സോമശേഖരൻ നായർ പരിഭ്രമിച്ച് വീട്ടിലേക്ക് പോയെങ്കിലും ആരോടും വിവരം പറഞ്ഞില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്.പിന്നാലെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജി ഫോർട്ട് എസ്.എച്ച്.ഒ രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മോഷ്ടാക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ കുണ്ടറയിലുള്ള വീട്ടിൽ നിന്ന് പ്രതിയെ എസ്.ഐമാരായ അഭിജിത്ത്,ജസ്റ്റിൻ രാജ്,സി.പി.ഒ മാരായ സാബു,രതീഷ് സിറ്റി ഡാൻസാഫ് ടീമിലെ എസ്.ഐ യശോധരൻ,സാബു, ദീപു എന്നിവരടങ്ങുന്ന സംഘം കസ്റ്റഡയിലെടുത്തു.മോഷണ മാല ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി ഇരുപതോളം മോഷണക്കേസുകളിലെ പ്രതിയാണ് രാജീവ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.