വിവാദങ്ങൾ വഴിമുടക്കിയില്ല: കടമ്പൂരിൽ പൂവണിഞ്ഞു 44 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം
കണ്ണൂർ: പലവിധത്തിലുള്ള വിവാദങ്ങൾ ഉയർത്തപ്പെടുമ്പോഴും ലക്ഷ്യത്തിലേക്ക് ചുവടുവച്ച് ലൈഫ് മിഷൻ. കടമ്പൂർ (കണ്ണൂർ), പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നീ നാല് ഭവന സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ പൂർത്തിയായി.ഇതിൽ കടമ്പൂരിൽ മാത്രം 44 കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ പൂവണിഞ്ഞത്. കെ.എം.റംലത്തെന്ന വീട്ടമ്മയ്ക്കായി നൽകിയ വീട്ടിൽ പാലുകാച്ചിയ മുഖ്യമന്ത്രി പദ്ധതി സർക്കാരിന്റെ മികച്ച പദ്ധതികളിലൊന്നായി എടുത്തുകാട്ടുകയും ചെയ്തു.
ഇന്നലെ കൈമാറിയ നാല് ഭവനസമുച്ചയങ്ങളിലായി 174 കുടുംബങ്ങൾക്കാണ് ലൈഫ് മിഷൻ മുഖേന വീടെന്ന സ്വപ്നം പൂർത്തിയായത്. ലൈഫ് മിഷൻ പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളിലായി മൂന്നര ലക്ഷത്തോളം കുടുംബങ്ങൾക്കാണ് വീട് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അൻപതിനായിരത്തിലധികം വീടുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷം ലൈഫ് മിഷന്റെ ഭാഗമായി 71,861 വീടുകൾ നിർമ്മിക്കുമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.ബഡ്ജറ്റിൽ 1436.26 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
നാൽപത് സെന്റിൽ കടമ്പൂരിലെ ഭവനസമുച്ചയം
കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 40 സെന്റ് സ്ഥലത്താണ് പ്രീഫാബ് ടെക്‌നോളജിയിൽ ഭവന സമുച്ചയം നിർമ്മിച്ചത്. രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ്, ബാത്ത്രൂം എന്നീ സൗകര്യങ്ങളോടെയുള്ള ഫ്ളാറ്റിൽ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും. 20 കിലോ വാട്ടിന്റെ സോളാർ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളിൽ വൈദ്യുതി വിളക്കുകൾ ഒരുക്കിയിട്ടുണ്ട്. കുഴൽക്കിണറിലൂടെയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന് പുറമേ ജല അതോറിറ്റി മുഖേനയും കുടിവെള്ളം എത്തിക്കുന്നു. 25,000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. തുമ്പൂർമുഴി മാതൃകയിൽ എയ്രോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയിലെ ഫ്ളാറ്റുകൾ അംഗപരിമിതരുള്ള കുടുംബങ്ങൾക്കാണ് നൽകിയത്. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജ്ര്രക് മാനേജ്‌മെന്റ് കൺസൾട്ടൻസി. തെലങ്കാനയിലെ പെന്നാർ ഇൻഡസ്ട്രീസ് ആണ് കരാറെടുത്ത് നിർമ്മാണം പൂർത്തീകരിച്ചത്.
വീടുകളിൽ തർക്കം വേണ്ടെന്ന് മുഖ്യമന്ത്രി
പലകാര്യങ്ങളിലും തർക്കങ്ങൾ ഉണ്ടാവാമെങ്കിലും ലൈഫ് മിഷൻ പദ്ധതി പോലുള്ള കാര്യങ്ങളിൽ തർക്കങ്ങളല്ല ഉണ്ടാവേണ്ടത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ലൈഫിൽ വീടിനുള്ള അർഹത തുരുമാനിക്കുന്നത്. നമ്മുടെ നാട്ടിൽ നമ്മോടൊപ്പം ജീവിക്കുന്ന പാവപ്പെട്ടവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുക എന്നതിൽപരം ഒന്നും ചെയ്യാനില്ല. ഇത്തരം കാര്യങ്ങളിലും അനാരോഗ്യകരമായ ചില പ്രവണതകൾ ഉയർന്നുവരാറുണ്ട്. എന്നാൽ സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യപരമായാണ് ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.