ബാങ്ക് വിളി മുഴങ്ങും , തമ്പാനും നോമ്പ് തുറക്കും 

Saturday 08 April 2023 9:42 PM IST

കാരിയിൽ : ചെറുവത്തൂർ ടൗൺ ജുമാ മസ്ജിദിൽ നിന്നും വൈകുന്നേരം 6.42 ന് ബാങ്ക് വിളി മുഴങ്ങുമ്പോൾ പതിവായി നോമ്പ് തുറക്കുന്ന ഒരാളുണ്ട് നഗരത്തിൽ. ചെറുവത്തൂർ കാരിയിൽ കുറ്റിവയലിലെ പി. തമ്പാൻ. ബാങ്ക് വിളിയുടെ സമയമാകുന്നതിന് മുമ്പ് തന്നെ ടൗണിലെ എമിറേറ്റ്‌സ് ബിൽഡിംഗിലുള്ള തന്റെ ഹോട്ടലിന്റെ മേശപ്പുറത്ത് നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ തമ്പാൻ ഒരുക്കിയിട്ടുണ്ടാകും.

കാരക്ക, ഈത്തപ്പഴം, വെള്ളം മറ്റു പഴവർഗങ്ങൾ എല്ലാം റെഡിയായിരിക്കും. പരിപാവനമായ റംസാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തിന്റെ പുണ്യം നുകരുന്ന മുസ്ലിം സഹോദരങ്ങൾ മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പ് നോമ്പ് തുറക്കുമ്പോൾ അതേസമയത്ത് തന്നെ ഹോട്ടലിൽ ഇരുന്ന് നോമ്പ് അനുഷ്ഠിക്കും ഇദ്ദേഹം. വ്രതാനുഷ്ടാനം തുടങ്ങിയ മാർച്ച് 23 മുതൽ ഇതുവരെ നോമ്പ് മുടക്കിയിട്ടില്ല. ഇതാദ്യമായാണ് തമ്പാൻ നോമ്പ് അനുഷ്ഠിക്കുന്നത്. എന്നും അതിരാവിലെ ഉണരുന്ന തമ്പാൻ വീട്ടിൽ നിന്നും പുലർച്ചെ ചായയും പലഹാരവും കഴിച്ചാണ് ടൗണിൽ എത്തുന്നത്. നോമ്പ് തുറക്കുന്നത് വരെ ഇദ്ദേഹം വെള്ളം പോലും കുടിക്കാറില്ല. എന്തോ ഒരു ഉൾവിളി പോലെ നോമ്പ് അനുഷ്ഠിക്കണം എന്നൊരു ആഗ്രഹമുണ്ടായി. പിന്നെ ഒരു മാസം നീളുന്ന വ്രതം തുടങ്ങി. നോമ്പ് എടുക്കുന്നതിന് മുമ്പ് നന്നായി ഭക്ഷണം കഴിക്കുന്ന ആളായിരുന്നു.

ദിനചര്യകളിൽ മാറ്റം വരികയും ഹോട്ടലിൽ പലർക്കും ഭക്ഷണം വിളമ്പാറുണ്ടെങ്കിലും വ്രതം മുടക്കാൻ പകൽ നേരങ്ങളിൽ ഒരിക്കൽപോലും ചായ വരെ കുടിക്കാൻ തോന്നിയിട്ടില്ലെന്ന് തമ്പാൻ പറയുന്നു. നോമ്പ് പകുതിയും പിന്നിട്ടു ഇതുവരെ ഒരു പ്രയാസവും തോന്നിയിട്ടില്ല. പകരം ഇപ്പോൾ ശരീരത്തിന് നല്ല ഉണർവും ഉന്മേഷവുമാണ് തോന്നുന്നതെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ആറു വർഷമായി തമ്പാനും ഭാര്യ പ്രേമയും ചേർന്നാണ് ചെറുവത്തൂരിൽ വനിതാ ഹോട്ടൽ നടത്തുന്നത്. കാരിയിലെ മികച്ച ചെത്തുകാരൻ ആയിരുന്നു തമ്പാൻ. പതിനഞ്ചാം വയസ് മുതൽ ചെത്ത് തൊഴിലാളിയായിരുന്ന ഇദ്ദേഹം വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ആ തൊഴിൽ നിർത്തി. പിന്നീട് ഹോട്ടലിൽ മാത്രമായി ശ്രദ്ധമുഴുവനും.