സി പി എം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ചതായി പരാതി

Sunday 09 April 2023 12:20 AM IST

പോത്തൻകോട് : മംഗലത്ത് നട ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ കെ. അനീഷിനെ (36) മർദ്ദിച്ചെന്ന് പരാതി. തച്ചപള്ളി ഊരുട്ടമ്പലം ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. ആർ.എസ്.എസ്. പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ക്ഷേത്രത്തിലെത്തിയ അനീഷിനെ ആർ.എസ്.എസ് പ്രവർത്തകനായ മനു ഒരു വിവരം പറയാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി നിറുത്തിയ ശേഷം തെറി വിളിച്ച് ആക്രമിച്ചെന്നാണ് പരാതി. ഇടിവള ഉപയോഗിച്ച് മുഖത്ത് ഇടിച്ചതായും പിന്നീട് ആർ.എസ്.എസ് പ്രവർത്തകരായ വിനീഷ്, സുനിൽകുമാർ,ദിലീപ് എന്നിവരും തടിക്കട്ട ഉപയോഗിച്ച് മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു. ഡി.വൈ.എഫ്.ഐ മംഗലത്തുനട യൂണിറ്റ് സെക്രട്ടറി നിജുവിനെയും അനീഷിനെയും വകവരുത്തുമെന്ന് പ്രതികൾ ഭീഷണി മുഴക്കിയതായും സൂചനയുണ്ട്. ഇടത് കൈയ്ക്കും ചെവിയിലും, കണ്ണിലും പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി. പോത്തൻകോട് പൊലീസ് കേസെടുത്തു.

കാപ്ഷൻ : പരിക്കേറ്റ അനീഷ്