പയറ്റിത്തെളിഞ്ഞ് കരുത്ത് നേടാൻ പെൺമക്കൾ; അവധിക്കാലത്ത് സ്വയം പ്രതിരോധ ക്ലാസുകൾ സജീവം
തിരുവനന്തപുരം:സ്കൂൾ അടച്ചതോടെ വേനൽക്കാല ക്ലാസുകളും ക്യാമ്പുകളും സജീവമാണ്. മുമ്പ് സംഗീതം,നൃത്തം,സ്പോക്കൺ ഇംഗ്ലീഷ് എന്നിവയ്ക്ക് പോയിരുന്ന പെൺകുട്ടികൾ ഏറ്റവും കൂടുതലെത്തുന്നത് സ്വയം പ്രതിരോധ ക്ലാസുകളിലേക്കാണ്.നാടൻ കളരിയും ജാപ്പനീസ് കരാട്ടെയും ചൈനീസ് കുങ് ഫുവും പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ തലസ്ഥാനത്തുണ്ട്.അഞ്ചു തലമുറയുടെ പാരമ്പര്യമുള്ള നേമം അഗസ്ത്യം കളരിയിൽ ഇക്കുറിയും വലിയ തിരക്കാണ്.
മർമ്മത്തിന് പ്രാധാന്യം നൽകുന്ന തെക്കൻ സമ്പ്രദായമാണ് ഇവിടെ പിന്തുടരുന്നത്. കളരിയ്ക്ക് 126 വർഷത്തെ പഴക്കമുണ്ട്.രണ്ട് മാസം നീളുന്ന ക്യാമ്പിൽ 'നിത്യം' എന്ന നിത്യാഭ്യാസവും പരിശീലിപ്പിക്കും.കളരിയിലെത്തുന്ന കുട്ടികളിൽ എഴുപത് ശതമാനത്തോളം പെൺകുട്ടികളാണെന്ന് പരിശീലകനായ മഹേഷ് ഗുരുക്കൾ പറയുന്നു.
നേമം,മ്യൂസിയം വിശ്വസംസ്കാര ഭവൻ,മലയിൻകീഴ് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായി ദിവസം രണ്ടര മണിക്കൂറാണ് പരിശീലനം.ആറ് വയസുള്ള പെൺകുട്ടികൾ വരെ ഇവിടെ എത്തുന്നുണ്ട്.വേഗത, ശ്രദ്ധ, പരസ്പരബഹുമാനം ശീലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും കളരിയ്ക്കുണ്ട്.കളരിയിൽ നിന്ന് പഠിച്ചിറങ്ങി ഐ.എ.എസ്,ഡോക്ടർ,കോളേജ് പ്രൊഫസേഴ്സ് എന്നീ നിലകളിൽ എത്തിയവർ പ്രത്യേക ക്ലാസുകളും നടത്തുന്നുണ്ട്.അഗസ്ത്യം കളരിയും ട്രിനിറ്റി കോളേജിലെ ഐ.കെ.എസ് സെന്ററുമായി സഹകരിച്ച് കളരി അഭ്യാസം കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനെപ്പറ്റി വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട്.