പുലിക്കുന്നത്ത് വീണ്ടും പുലി?

Saturday 08 April 2023 11:27 PM IST
സി.സി.ടി.വിയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം.

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് പുതുരുത്തിയിൽ പുലിക്കുന്നത്ത് പ്രദേശത്ത് പുലിയിറങ്ങിയതായി കണ്ടെത്തൽ. വടക്കാഞ്ചേരി നഗരസഭ 41-ാം ഡിവിഷനിലെ വിൻസെന്റ് എന്നയാളുടെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിലാണ് പുലി ഓടിപ്പോകുന്ന ദൃശ്യം പതിഞ്ഞിട്ടുള്ളത്.

വീട്ടുകാർ എരുമപ്പെട്ടിയിലെ വനപാലകരെയും പൊലീസിനെയും വിവരമറിയിച്ചു. കഴിഞ്ഞ മാർച്ച് 15, 16 തീയതികളിൽ പുലിക്കുന്നത്ത് അയ്യഞ്ചേരി അലക്‌സ് എന്നയാളുടെ വീടിനടുത്ത് പുലിയെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നഗരസഭ വനംവകുപ്പ്, റവന്യു, പൊലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ യോഗം ചേരുകയും സ്ഥലത്ത് കാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. നാട്ടിൽ ഇറങ്ങിയത് പുലി തന്നെയാണോയെന്ന് വനംവകുപ്പ് പരിശോധിച്ചു വരികയാണ്.