മണ്ണെണ്ണ വിഹിതം കുറയ്ക്കരുത്
റേഷൻകാർഡുള്ള വീട്ടുകാർക്ക് മാസം അരലിറ്ററോ ഒരു ലിറ്ററോ മണ്ണെണ്ണ നല്‌കുന്നത് കേന്ദ്ര സർക്കാരിനു ദുർവഹമായ ഭാരമായിത്തീരുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ കുറെ മാസങ്ങളായി സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ വിഹിതം പടിപടിയായി കുറച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇതിനു കാരണമെന്ന് ആർക്കുമറിയില്ല. റേഷൻകട വഴി ഒരുലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നത് അരലിറ്ററായി കുറഞ്ഞു. അതും മൂന്നുമാസത്തിലൊരിക്കൽ. ഇപ്പോൾ കേൾക്കുന്നു - നീല, വെള്ള കാർഡുകാർക്ക് അടുത്തമാസം മുതൽ മണ്ണെണ്ണ വിതരണം പൂർണമായും നിറുത്തലാക്കുകയാണത്രെ. റേഷൻ മണ്ണെണ്ണയുടെ സൗജന്യ നിരക്ക് പിൻവലിച്ചിട്ടും മാസങ്ങളായി. അഞ്ചുവർഷം മുൻപ് ഒരുലിറ്റർ റേഷൻ മണ്ണെണ്ണയ്ക്ക് 19 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 81 രൂപയാണ്. മൂന്നിരട്ടി വില ഈടാക്കിയിട്ടും കാർഡുടമകൾക്ക് മണ്ണെണ്ണ നല്‌കുകയില്ലെന്ന ശാഠ്യത്തെ ഏത് രീതിയിലാണ് വിശേഷിപ്പിക്കേണ്ടത്. പൊതുവിതരണ സംവിധാനം വഴി തേനും പാലും ഒഴുക്കുകയാണെന്നാണ് വീമ്പുപറച്ചിൽ. എന്നാൽ ചെയ്യുന്നതത്രയും കന്നംതിരിവായാൽ എന്തുചെയ്യും.
സാധാരണ വീട്ടുകാർക്ക് അരലിറ്റർ റേഷൻ മണ്ണെണ്ണകൊണ്ട് എന്തു കാട്ടാനാണെന്ന ചോദ്യം ഉന്നയിക്കുന്നവർ ധാരാളമുണ്ടാകാം. മണ്ണെണ്ണയുടെ ആവശ്യം തീരെ മനസിലാക്കാത്തവരാകും അവർ. അരലിറ്ററെങ്കിൽ അത്രയും എന്ന വിചാരത്തിൽ അതു മുടങ്ങാതെ വാങ്ങി ശേഖരിക്കുന്നവരാണ് അധികവും. വീടുകളിൽ ചവർ കത്തിക്കുന്നതിനും കൃമികീടങ്ങളെ അകറ്റുന്നതിനും മറ്റും മണ്ണെണ്ണ പ്രയോജനപ്പെടാറുണ്ട്. പെട്രോളും ഡീസലും സുലഭമായി ലഭിക്കുന്നതുപോലെ മണ്ണെണ്ണയും വിപണിയിൽ ലഭ്യമായിരുന്നെങ്കിൽ പരാതി ഉയരുമായിരുന്നില്ല. നിയന്ത്രിതമായ തോതിലാണ് മൊത്തക്കച്ചവടക്കാരിൽ നിന്ന് മണ്ണെണ്ണ വിതരണം. സാധാരണക്കാർക്ക് ഏറക്കുറെ അത് അപ്രാപ്യവുമാണ്. കീടനാശിനികൾ പോലും വിപണിയിൽ സുലഭമാണെന്നിരിക്കെ മണ്ണെണ്ണയ്ക്കു മാത്രം ഇത്ര വലിയ നിയന്ത്രണം എന്തിനെന്നു മനസിലാകുന്നില്ല.
ഓരോ തവണ കേന്ദ്രം മണ്ണെണ്ണ അലോട്ട്‌മെന്റ് വെട്ടിക്കുറയ്ക്കുമ്പോഴും സംസ്ഥാന സിവിൽ സപ്ളൈസ് വകുപ്പുമന്ത്രി നിവേദനം സമർപ്പിക്കാറുണ്ട്. ആവശ്യം വിവരിച്ച് തുടർച്ചയായി കത്തുകളും അയയ്ക്കാറുണ്ട്. ഒരു ഫലവും ഉണ്ടാകാറില്ലെന്നു മാത്രം.
റേഷൻകാർഡുടമകൾ മാത്രമല്ല കേന്ദ്രത്തിന്റെ വികലമായ മണ്ണെണ്ണ വിതരണനയത്തിന്റെ തിക്തഫലങ്ങളനുഭവിക്കുന്നത്. മത്സ്യമേഖലയെ പാടെ തളർത്തുന്ന തീരുമാനമാണിത്. മത്സ്യമേഖലയ്ക്കുള്ള അലോട്ട്‌മെന്റും നേർപകുതിയായി കുറച്ചിരിക്കുകയാണ്. 2160 കിലോലിറ്റർ ലഭിച്ചിരുന്നത് 1296 കിലോലിറ്ററായി കുറയുമ്പോൾ സ്വതേ മണ്ണെണ്ണക്ഷാമം അനുഭവിക്കുന്ന മത്സ്യബോട്ടുകളും വള്ളങ്ങളും ഇനി മാസത്തിൽ അധികദിവസവും കരയിൽത്തന്നെ ഇരിക്കേണ്ടിവരും. മത്സ്യമേഖലയ്ക്ക് സബ്‌സിഡി വിലയ്ക്കാണ് മണ്ണെണ്ണ ലഭിച്ചിരുന്നത്. ഇങ്ങനെ നിശ്ചിത അളവിൽ ലഭിക്കുന്ന മണ്ണെണ്ണ ഏതാനും ദിവസത്തേക്കേ തികയുകയുള്ളൂ. പൊതുവിപണിയിൽ ഒരുലിറ്റർ മണ്ണെണ്ണയ്ക്ക് 102 രൂപ നല‌്‌കണം. ഈ യാഥാർത്ഥ്യങ്ങൾ കണക്കിലെടുക്കാതെയാണ് വീണ്ടുവിചാരമില്ലാത്ത ഓരോ തീരുമാനം. മണ്ണെണ്ണ അലോട്ട്‌മെന്റ് വെട്ടിക്കുറയ്ക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടേണ്ടതായിരുന്നു. ഏകപക്ഷീയമായ തീരുമാനം കേന്ദ്രം പുനഃപരിശോധിക്കുകതന്നെ വേണം.