മറക്കാനാവി​ല്ല ആലപ്പുഴയ്ക്ക് മഹാദേവ അയ്യരെ...

Sunday 09 April 2023 12:01 AM IST

 മുൻ രാഷ്ട്രപതി കലാമിന്റെ സഹപാഠി

ആലപ്പുഴ: മുൻ രാഷ്ടപതി ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ സഹപാഠിയായ എസ്. മഹാദേവ അയ്യർ (90) ആലപ്പുഴയി​ലെ വിദ്യാഭ്യാസ- സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധമായിരുന്നു. വാർദ്ധക്യ സംബന്ധമായ രോഗത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ബംഗളുരുവി​ലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മരണമടഞ്ഞതോടെ, ആലപ്പുഴയി​ലെ വലി​യൊരു ചരി​ത്രം കൂടി​യാണ് കാലചക്രത്തി​ന്റെ ഭാഗമാവുന്നത്. ബ്രാഹ്മണ സമൂഹം രക്ഷാധികാരിയും സനാതന ധർമ്മ വിദ്യാശാല ട്രസ്റ്റ് പ്രസിഡന്റുമായ മഹാദേവ അയ്യർ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 70 വർഷം മുമ്പ് ട്രിച്ചി സെന്റ് ജോസഫ് കോളേജിൽ ഫിസിക്സിന് പഠിക്കുമ്പോഴായിരുന്നു ഡോ. എ.പി.ജെ.അബ്ദുൾ കലാമുമായി സൗഹൃദത്തിലായത്. പഠനം പൂർത്തിയാക്കി​ കലാം ഐ.എസ്.ആർ.ഒയിൽ ജോലിയി​ൽ പ്രവേശി​ച്ചു. മഹാദേവ അയ്യർ സി.എ പാസായി ചാർട്ടേഡ് അക്കൗണ്ടന്റായി. രണ്ടി​ടങ്ങളി​ലായെങ്കി​ലും കോളേജിലെ വെജിറ്റേറിയൻ ഭക്ഷണശാലയിൽ തുടങ്ങിയ സൗഹൃദം മാത്രം മുറി​ഞ്ഞി​ല്ല.

ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളിന്റെ ശിലാസ്ഥാപനം നടത്താൻ 2005 ജൂലായ് 29ന് ഡോ. അബ്ദുൾ കലാം ആലപ്പുഴയിൽ വന്നത് പഴയ സഹപാഠി​യുടെ സ്നേഹോഷ്മള ക്ഷണം സ്വീകരി​ച്ചായി​രുന്നു.

ആ വരവിൽ അയ്യരുടെ വീട്ടിൽ പോകാൻ തീരുമാനിച്ചെങ്കിലും കാറ്റും മഴയും മൂലം തീരുമാനം റദ്ദാക്കി. പിന്നീട് എസ്.ഡി.വിയുടെ ചരിത്രം രേഖപ്പെടുത്തി​യ പുസ്തകത്തി​ന്റെ പ്രകാശനത്തിന് 2010 ഒക്ടോബർ 15ന് ആലപ്പുഴയിലെത്തിയ അബ്ദുൾ കലാം പരിപാടിക്ക് ശേഷം നഗരത്തി​ൽ പഴവീടുള്ള, അയ്യരുടെ കൈലാസം വീട്ടിലെത്തി. അത്താഴം കഴിച്ച് മടങ്ങാനിറങ്ങിയപ്പോൾ അയ്യരെയും കുടുംബത്തെയും അദ്ദേഹം രാഷ്ട്രപതി​ ഭവനി​ലേക്കു ക്ഷണി​ച്ചു. അതിഥിയായി മൂന്ന് ദിവസം രാഷ്ട്രപതിഭവനിൽ താമസിക്കാനും ഒരു ദിവസം കലാമി​നൊപ്പം ഭക്ഷണം കഴിക്കാനായതും മഹാദേവ അയ്യർ സൗഹൃദ സദസുകളിൽ സന്തോഷത്തോടെ വിവരിക്കുമായിരുന്നു.

ആലപ്പുഴയിൽ എല്ലാ വർഷവും നടക്കുന്ന സ്വാതി തിരുനാൾ സംഗീതോത്സവത്തിന്റെ മുഖ്യസംഘടകനായി​രുന്നു മഹാദേവ അയ്യർ. ഈ വർഷത്തെ സംഗീതോത്സവത്തി​ന് ഇന്നലെ തുടക്കമായപ്പോൾ മഹാദേവ അയ്യരുടെ വിയോഗം വലി​യൊരു വേദനയായി​. അദ്ദേഹത്തി​ന് അനുശോചനമർപ്പി​ച്ചായി​രുന്നു തുടക്കം.