ടെൽ അവീവിൽ ഭീകരാക്രമണം: ഇറ്റാലിയൻ സഞ്ചാരി കൊല്ലപ്പെട്ടു ഏഴ് പേർക്ക് പരിക്ക്
ടെൽ അവീവ് : ഇസ്രയേലിലെ ടെൽ അവീവിൽ ഭീകരാക്രമണത്തിൽ ഇറ്റാലിയൻ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. റോം സ്വദേശിയായ അലെസാൻഡ്രോ പാരീനി ( 35 )എന്ന അഭിഭാഷകനാണ് മരിച്ചത്. നഗരത്തിലെ കടൽത്തീര പാർക്കിന് സമീപം സഞ്ചാരികൾക്ക് നേരെ അക്രമി കാർ ഇടിച്ചു കയറ്റുകയായിരുന്നു. ഇന്ത്യൻ സമയം, വെള്ളിയാഴ്ച രാത്രി 11.55 ഓടെ ചാൾസ് ക്ലോർ ഗാർഡനിലായിരുന്നു സംഭവം. സാധാരണക്കാർക്ക് നേരെ നടന്ന ഭീകരാക്രമണമാണിതെന്നും അക്രമിയെ വധിച്ചെന്നും ഇസ്രയേൽ പൊലീസ് അറിയിച്ചു. പരിക്കേറ്റവർ ഇറ്റാലിയൻ, ബ്രിട്ടീഷ് പൗരന്മാരാണ്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അറബ് ഭൂരിപക്ഷ മേഖലയായ കഫ്‌ർ ഖാസം സ്വദേശിയായ യൂസഫ് അബു ജബെർ ( 45 ) എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇയാളുടെ വീട്ടിലെത്തിയ ഇസ്രയേൽ പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് വരികയാണ്.
അക്രമി വിനോദ സഞ്ചാരികൾക്ക് നേരെ അമിത വേഗത്തിൽ കാർ ഓടിച്ചുകയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇടിച്ചശേഷം കാർ മറിഞ്ഞു.
കാറിൽ നിന്ന് പുറത്തിറങ്ങിയ അക്രമി റൈഫിളിനോട് സാദൃശ്യമുള്ള ഒരു വസ്തു കാറിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്നത് സമീപത്തെ പെട്രോൾ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഓഫീസർമാർ കണ്ടു. ഇവർ ഉടൻ അക്രമിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ കൂടുതൽ പൊലീസിനെയും റിസേർവ് സൈനികരെയും വിന്യസിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ടെൽ അവീവിൽ നടന്ന ആക്രമണത്തെ അപലപിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിൽ ആയുധധാരി നടത്തിയ വെടിവയ്പിൽ രണ്ട് ഇസ്രയേലി യുവതികൾ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾ പിന്നാലെയാണ് ടെൽ അവീവിൽ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ തെക്കൻ ലെബനനിലും ഗാസയിലുമുള്ള പലസ്തീനിയൻ സായുധ ഗ്രൂപ്പായ ഹമാസിന്റെ കേന്ദ്രങ്ങൾ ഇസ്രയേൽ വ്യോമാക്രമണങ്ങളിലൂടെ തകർത്തിരുന്നു.
വ്യാഴാഴ്ച ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി 34 റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഹമാസ് ആണെന്നാണ് ചൂണ്ടിക്കാട്ടിയ ഇസ്രയേൽ ഇതിന്റെ തിരിച്ചടിയായാണ് ലെബനനിലും ഗാസയിലും വ്യോമാക്രമണങ്ങൾ നടത്തിയത്.
കഴിഞ്ഞ ആഴ്ച ആദ്യം ജെറുസലേമിലെ അൽ - അഖ്സ പള്ളിയിൽ ഇസ്രയേൽ പൊലീസ് റെയ്ഡ് നടത്തിയത് മുതൽ മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇസ്രയേൽ റെയ്ഡിനിടെ പള്ളിയ്ക്കുള്ളിൽ വച്ച് പൊലീസും പലസ്തീനികളും ഏറ്റുമുട്ടിയിരുന്നു.