രാഹുലിന്റെ കർണാടക പര്യടനം വീണ്ടും റദ്ദാക്കി ; മൂന്നാംഘട്ട പട്ടികയിൽ ത‍ർക്കം

Sunday 09 April 2023 1:07 AM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ക‍ർണാടക സന്ദ‍‍ർശനം രണ്ടാം തവണയും മാറ്റി. തർക്കം കാരണം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയാവാത്തതാണ് കാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ രാഹുൽ ഇന്ന് കോലാറിൽ എത്തുമെന്നും പൊതുയോഗത്തിൽ പങ്കെടുക്കുമെന്നുമാണ് അറിയിച്ചിരുന്നത്. ഈ മാസം അഞ്ചിന് കോലാറിൽ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. 16ന് രാഹുൽ എത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നല്കുന്ന വിവരം.

166 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാ‍ർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ 124 സ്ഥാനാ‍ർത്ഥികളെയും രണ്ടാം ഘട്ടത്തിൽ 42 പേരുടെയും പട്ടിക പുറത്തിറക്കി. മൈസൂരുവിലെ വരുണ മണ്ഡലത്തിലാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. ഇതു കൂടാതെ രാഹുലിന്റെ പ്രസംഗ വേദിയായ കോലാറിലും രണ്ടാം സീറ്റായി സിദ്ധരാമയ്യ മത്സരിക്കുമെന്നാണ് സൂചന. ബി.ജെ.പിയും മറ്റ് പാ‍ർട്ടികളും വിട്ടുവന്നവർക്ക് കൂടുതൽ പ്രാമുഖ്യം നൽകിയായിരുന്നു രണ്ടാംഘട്ട പട്ടിക. ഇതോടെ പല മണ്ഡലങ്ങളിലും വിമതർ എത്തി. രൂക്ഷമായ തർക്കമാണ് പലയിടത്തും. ഇതാണ് മൂന്നാം ഘട്ടത്തിലെ 58 പേരുടെ പട്ടിക നീളാൻ കാരണം.

ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. ബി.ജെ.പിയെ പിന്തള്ളി ഇക്കുറി കോൺഗ്രസ് ഭരണത്തിലെത്തുമെന്നാണ് ഭൂരിഭാഗം സർവേ പ്രവചനങ്ങളും. അഴിമതിയാണ് ബി.ജെ.പിക്ക് വെല്ലുവിളി. എന്നാൽ സർവേ ഫലങ്ങൾ ബി.ജെ.പി കണക്കിലെടുക്കുന്നില്ല. സിനിമ - സീരിയൽ സൂപ്പർസ്റ്റാറുകളെ രംഗത്തിറക്കിയാണ് ബി.ജെ.പിയുടെ പ്രചാരണം.

അതേസമയം ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടിക ഇന്നോ നാളെയോ പുറത്തിറക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബി.ജെ.പി സ്ഥാനാ‍ർത്ഥികളുടെ പട്ടികയുമായി ഡൽഹിയിലുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ അനുമിതയായലുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 224 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 10നാണ്. 13ന് വോട്ടെണ്ണൽ. 113 സീറ്റുകൾ നേടുന്ന പാ‍ർട്ടിക്ക് ഭരണത്തിലെത്താം. 2019 ഏപ്രിലിൽ കോലാറിൽ നടത്തിയ മോദി വിരുദ്ധ പരാമ‍ർശമാണ് രാഹുലിന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യതയിലേക്ക് വഴി തുറന്നത്.