മോദിക്കും ആദിത്യനാഥിനും വധഭീഷണി 16 കാരൻ അറസ്റ്റിൽ
Sunday 09 April 2023 1:09 AM IST
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഇ-മെയിൽ സന്ദേശമയച്ച 16 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം. ഒരു മീഡിയ ഹൗസ് വഴിയാണ് പ്ലസ് വൺ വിദ്യാർത്ഥി സന്ദേശമയച്ചത്. മീഡിയ ഹൗസിന്റെ പരാതിപ്രകാരം ഐ.പി.സി സെക്ഷൻ 153 എ(1ബി) 505(1ബി) 506,507 വകുപ്പുകളനുസരിച്ച് കേസ് എടുത്തു. ജുവൈനൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പരാതിയെ തുടർന്ന് ഏപ്രിൽ അഞ്ചിന് സെക്ടർ 20 പൊലീസ് സ്റ്റേഷനിൽ കേസ് ചാർജ്ജ് ചെയ്തു. അന്വേഷണത്തിൽ ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം ലക്നൗവിന് സമീപം ചിൻഹൗട്ട് ആണെന്ന് കണ്ടെത്തി. പിന്നീട് അന്വേഷണം 16കാരനിലേക്കെത്തുകയായിരുന്നു.