മോശം വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ ശൂർപ്പണഖയെപ്പോലെ: കൈലാഷ് വിജയ് വർഗീയ

Sunday 09 April 2023 1:11 AM IST

ന്യൂഡൽഹി: പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വിവാദ പരാമ‍ർശവുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗീയ. മോശം വസ്ത്രം ധരിക്കുന്നവർ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണ്. ദൈവം നിങ്ങൾക്ക് നല്ല ശരീരം തന്നു. ഞങ്ങൾ നിങ്ങളെ ദേവതകളായാണ് കരുതുന്നത്. അതിനാൽ നല്ല വസ്ത്രം ധരിക്കൂ. ഹനുമാൻ മഹാവീർ ജയന്തിയോടനുബന്ധിച്ച് ഇൻഡോറിൽ ജൈന സമുദായം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹനുമാൻ ജയന്തി ദിനത്തിൽ ഞാൻ കള്ളം പറയില്ലെന്ന് ദൈവത്തോട് സത്യം ചെയ്യുന്നു. സത്യമാണ് ഞാൻ പറയുന്നത്. നമുക്ക് ഒരിക്കലും ദേവതകളെന്ന് വിളിക്കാൻ സാധിക്കാത്ത തരത്തിൽ മോശം വസ്ത്രം ധരിച്ചാണ് പെൺകുട്ടികൾ പുറത്തിറങ്ങുന്നത്. ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കണ്ടാൽ അടിക്കാനാണ് തോന്നാറുള്ളത്. നിങ്ങളുടെ കുട്ടികളെ നമ്മുടെ സംസ്കാരത്തെ കുറിച്ച് പഠിപ്പിക്കൂ. രാത്രിയിൽ ആൺകുട്ടികളും പെൺകുട്ടികളും മദ്യപിച്ച് നൃത്തം ചെയ്യുന്നത് കാണാറുണ്ട്. അവരെ അടിക്കാനാണ് തോന്നുക. അതോടെ അവരുടെ എല്ലാ ലഹരിയും ഇല്ലാതാകും - വിജയവർഗീയ പറഞ്ഞു.

വിജയ് വർഗീയയുടെ പ്രസംഗം പ്രചരിച്ചതോടെ പ്രതിഷേധവുമായി വനിതാ സംഘടനകൾ രംഗത്ത് വന്നു. സ്ത്രീകളുടെ ഇഷ്ടമാണ് അവരുടെ വസ്ത്രധാരണമെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ത്രീകളെ ബഹുമാനിക്കുകയെന്നത് ബി.ജെ.പി നിഘണ്ടുവിൽ ഇല്ലെന്ന് മഹിളാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ നെറ്റ ഡിസൂസ പറഞ്ഞു. എന്ത് ധരിക്കണം, എന്ത് കഴിക്കണം, ആരെ കാണണം എന്ന് സർക്കാർ പറയുമെന്ന താലിബാൻ ഭരണത്തിലാണോ നമ്മൾ ജീവിക്കുന്നതെന്ന് അവർ ചോദിച്ചു.