യു.എൻ ഏജൻസികളിലേക്ക് നടന്ന വോട്ടിൽ റഷ്യക്ക് പരാജയം
Sunday 09 April 2023 6:32 AM IST
ന്യൂയോർക്ക് : ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ ) മൂന്ന് ഏജൻസികളിലെ അംഗത്വത്തിനായി നടന്ന മൂന്ന് വ്യത്യസ്ത തിരഞ്ഞെടുപ്പുകളിൽ റഷ്യക്ക് പരാജയം. യുക്രെയിനിൽ അധിനിവേശം തുടരുന്നതിൽ റഷ്യക്കെതിരെ അന്താരാഷ്ട്ര എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് തിരിച്ചടി. 54 അംഗ യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ നടന്ന വോട്ടെടുപ്പുകളിലാണ് റഷ്യ പരാജയപ്പെട്ടത്. കമ്മിഷൻ ഓൺ ദ സ്റ്റാറ്റസ് ഒഫ് വിമനിലെ ഒറ്റ സീറ്റിനായി നടന്ന വോട്ടെടുപ്പിൽ റൊമേനിയ റഷ്യയെ പരാജയപ്പെടുത്തി. തുടർന്ന് യുണിസെഫിന്റെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് നടന്ന വോട്ടിംഗിൽ എസ്റ്റോണിയയും കമ്മിഷൻ ഓൺ ക്രൈം പ്രിവെൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസിലേക്ക് നടത്തിയ രഹസ്യ ബാലറ്റിൽ അർമേനിയയും ചെക്ക് റിപ്പബ്ലിക്കും റഷ്യയെ പിന്തള്ളി. അതേ സമയം, കമ്മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിലേക്ക് റഷ്യ തിരഞ്ഞെടുക്കപ്പെട്ടു.