യു.എസിൽ ഗർഭഛിദ്ര ഗുളികയുടെ അംഗീകാരത്തെ ചൊല്ലി നിയമ പോരാട്ടം
വാഷിംഗ്ടൺ : യു.എസിൽ ഗർഭഛിദ്രത്തിനുള്ള മിഫപ്രിസ്റ്റോൺ ഗുളികയുടെ അംഗീകാരത്തെ ചൊല്ലി ഫെഡറൽ കോടതികളുടെ ഭിന്നവിധി. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മിഫപ്രിസ്റ്റോണിന്റെ അംഗീകാരം തടഞ്ഞുവയ്ക്കാൻ വെള്ളിയാഴ്ച ടെക്സസിലെ ഫെഡറൽ കോടതി ജഡ്ജി ഉത്തരവിട്ടു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ നിയമിക്കപ്പെട്ട ജഡ്ജിയാണിത്.
ഒരു മണിക്കൂറിന് പിന്നാലെ ഒബാമ ഭരണകൂടം നിയമിച്ച വാഷിംഗ്ടണിലെ ഫെഡറൽ കോടതി ജഡ്ജി യു.എസിലെ 17 ഡെമോക്രാറ്റിക് ഭരണ സംസ്ഥാനങ്ങളിലേക്കുള്ള മിഫപ്രിസ്റ്റോണിന്റെ ഉപയോഗാനുമതി സംരക്ഷിക്കപ്പെടണമെന്ന് ഉത്തരവിട്ടു. കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ഉപയോഗിക്കുന്നതാണ് മിഫപ്രിസ്റ്റോൺ. കോടതി ഉത്തരവുകളിലെ ഭിന്നത സുപ്രിം കോടതിയിലേക്ക് നീളാൻ സാദ്ധ്യത കൂട്ടുന്നു. ടെക്സസിലെ വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിന് ഏഴ് ദിവസം സമയം നൽകിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് നീതി വകുപ്പിന്റെ നിലപാട്.
യു.എസിൽ ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതോടെ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കുന്നത്. ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഗർഭഛിദ്ര നിരോധനത്തിന് എതിരാണ്. കുറഞ്ഞത് 13 സംസ്ഥാനങ്ങളിൽ മെഡിക്കൽ അബോർഷൻ അടക്കം നിരോധിക്കുകയോ നിയന്ത്രണമേർപ്പെടുത്തുകയോ ചെയ്തു. ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ റദ്ദാക്കിയെതിനെതിരെ യു.എസിൽ കടുത്ത പ്രതിഷേധം നിലനിൽക്കവെയാണ് ഗുളികയുടെ അംഗീകാരം തടയാനുള്ള നീക്കം.