കാക്കി  പാന്റും  ടീ  ഷർട്ടും ജാക്കറ്റും ധരിച്ച് മോദി;  ബന്ദിപ്പൂർ  കടുവസങ്കേതം സന്ദർശിച്ച് പ്രധാനമന്ത്രി‍‍‍‍‍‍ |വീഡിയോ

Sunday 09 April 2023 10:35 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ കർണാടകയിലെ ബന്ദിപ്പൂർ കടുവസങ്കേതം സന്ദർശിച്ചു. കടുവ സംരക്ഷണ പദ്ധതിയായ ‘പ്രോജക്ട് ടൈഗർ’ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കർണാടക ബന്ദിപ്പൂർ കടുവസങ്കേതത്തിൽ എത്തിയത്. കറുത്ത തൊപ്പി, കാക്കി പാന്റ്, ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു.

ബന്ദിപ്പൂരിലെ കടുവസംരക്ഷണപരിപാടിയിൽ വച്ച് പ്രധാനമന്ത്രി രാജ്യത്തെ കടുവകളുടെ കണക്കും കടുവ സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചേയ്ക്കുമെന്നാണ് വിവരം. ബന്ദിപ്പൂർ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ദിരാഗാന്ധിയാണ് ആദ്യമെത്തിയ പ്രധാനമന്ത്രി.

സഫാരിയ്ക്ക് ശേഷം സമീപത്തെ തമിഴ്‌നാട് മുതുമലെെ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. കൂടാതെ ഓസ്‌കർ പുരസ്‌കാരം നേടിയ 'എലിഫന്റ് വിസ്‌പറേഴ്‌സ്' എന്ന ഡോക്യുമെന്ററിയിൽ അഭിനയിച്ച ബൊമ്മൻ - ബെല്ലി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിക്കും. തുടർന്ന് 10.30ത്തിന് മെെസൂരുവിലെത്തി ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കും. ഇന്ന് ഉച്ചയോടെ അദ്ദേഹം ഡൽഹിയിലേയ്ക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് മുതുമല മേഖലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തെപ്പക്കാട് മേഖലയിൽ പുറത്തേക്കോ അകത്തേക്കോ ആർക്കും പ്രവേശിക്കാൻ കഴിയാത്ത വിധം സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെപ്പക്കാട് മേഖലയിലെ ആദിവാസികളുടെ സെറ്റിൽമെന്റ് ഏരിയ മുഴുവൻ നവീകരിച്ചു. സുരാക്ഷാമുൻകരുതലുകൾ കണക്കിലെടുത്താണ് ഹോസ്റ്റലുകൾ, ഹോട്ടലുകൾ, മറ്റ് സങ്കേതങ്ങൾ എന്നിവ അടച്ചിട്ടു.