കാത്തിരിപ്പ് അവസാന നാളുകളിലേയ്ക്ക്; മലൈക്കോട്ടൈ വാലിബന്റെ പുതിയ വിവരം പങ്കുവച്ച് മോഹൻലാൽ
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'മലൈക്കോട്ടൈ വാലിബൻ' ടൈറ്റിൽ റിലീസിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. അടുത്തിടെ ചിത്രത്തിന്റെ ഷെഡ്യൂൾ മോഹൻലാൽ രാജസ്ഥാനിൽ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14ന് പുറത്തുവിടും എന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഈസ്റ്റർ ആശംസയറിയിച്ചാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചിരിക്കുന്നത്. വരണ്ട ഒരു പ്രദേശത്ത് ഭീമാകാരമായ കാല്പാടുകളുള്ള ഒരു പോസ്റ്ററും മോഹൻലാൽ ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ആമേനുശേഷം പി എസ് റഫീക്കിന്റെ രചനയിൽ ഒരുങ്ങുന്ന ലിജോ ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ. ബോളിവുഡ് താരം വിദ്യുത് ജംവാൾ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുകയാണ് മലൈക്കോട്ടൈ വാലിബനിൽ.
ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജല്ലിക്കെട്ടിനുശേഷം പ്രശാന്ത് പിള്ള വീണ്ടും ലിജോ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജോൺ മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് 'മലൈക്കോട്ടൈ വാലിബൻ'.