ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദനും, വാർത്തകളോട് പ്രതികരിച്ച് താരം
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്ന പ്രചാരണങ്ങൾക്കിടെ വിഷയത്തിൽ പ്രതികരിച്ച് താരം. താൻ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്നത് വ്യാജവാർത്തയാണെന്നും രാഷ്ട്രീയത്തെ ലാഘവത്തോടെ സമീപിക്കുന്ന ഒരാളല്ല താനെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറയുന്നു.
ഞൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതായി അറിഞ്ഞു. അത് വ്യാജമാണ്. എന്റെ പുതിയചിത്രം ഗന്ധർവ ജൂനിയറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ. അതൊരു നീണ്ട ഷെഡ്യൂളാണ്. അത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം. ഇത്തരം വാർത്തകൾ പുറത്തുവിടും മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കണമെന്ന് മാദ്ധ്യമ സ്ഥാപനങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയിൽ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവർത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാൻ. ലാഘവത്തോടെയല്ല ഞാൻ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാൻ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.
100 കോടി ക്ലബിൽ ഇടം നേടിയ മാളികപ്പുറം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഗന്ധർവ ജൂനിയറിൽ ആണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിക്കുന്നത്. നവാഗതനായ വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ.എം. ഇൻഫോടെയ്ൻമെന്റും ലിറ്റിൽ ബിഗ് ഫിലിംസും ചേർന്നാണ് നിർമ്മാണം.