'ലോകനേതാവ്, ഹീറോ'; ചിത്രം പങ്കുവച്ച് മോദിയെ വാനോളം പുകഴ്‌ത്തി മുൻ ഇംഗ്ളണ്ട് നായകൻ

Monday 10 April 2023 11:57 AM IST

ന്യൂഡൽഹി: പ്രോജക്‌ട് ടൈഗറുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കർണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഇംഗ്ളണ്ട് ക്രിക്കറ്റ് ക്യാപ്‌ടൻ കെവിൻ പീറ്റേഴ്‌സൺ. മോദിയെ 'ലോകനേതാവ്' എന്നും 'ഹീറോ' എന്നുമാണ് കെവിൻ വിശേഷിപ്പിച്ചത്. രാജ്യത്ത് മൃഗസംരക്ഷണത്തിനായി പ്രധാനമന്ത്രി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയായിരുന്നു താരം.

'പ്രതീകാത്മകം! വന്യമൃഗങ്ങളെ ആരാധിക്കുകയും അവയുടെ സ്വഭാവിക ആവാസ വ്യവസ്ഥയിൽ അവയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമ്പോൾ ആവേശഭരിതനാവുകയും ചെയ്യുന്ന ലോകനേതാവ്. ഓർക്കുക, തന്റെ കഴി‌ഞ്ഞ ജന്മദിനത്തിന് അദ്ദേഹം ചീറ്റകളെ ഇന്ത്യയിലെ കാട്ടിലേയ്ക്ക് വിട്ടയച്ചു. ഹീറോ' എന്ന കുറിപ്പോടെയാണ് മോദിയുടെ ചിത്രത്തോടൊപ്പം കെവിൻ ട്വീറ്റ് ചെയ്തത്.

സേവ് അവർ റൈനോസ് ഇൻ ആഫ്രിക്ക ആന്റ് ഇന്ത്യ (സോറൈയ്) എന്ന ചാരിറ്റി സംഘടനയുടെ പേരിൽ അറിയപ്പെടുന്ന കെവിൻ പീറ്റേഴ്‌സൺ ക്രിക്കറ്റർക്ക് പുറമേ മൃഗസംരക്ഷണവാദി കൂടിയാണ്. കഴിഞ്ഞ മാസം ന്യൂഡൽഹിയിലെ ജി 20 സമ്മിറ്റിനിടെ അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.