സതീശനും ഗോവിന്ദനും നിരാശ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളും സഭാദ്ധ്യക്ഷൻമാരും ബി.ജെ.പിയോടും പ്രധാനമന്ത്രിയോടും അടുപ്പം കാണിക്കുന്നതിൽ വി.ഡി.സതീശനും എം.വി.ഗോവിന്ദനും അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും, നുണ പ്രചാരണം പൊളിഞ്ഞതിന്റെ നിരാശയിലാണ് ഇരുവരുമെന്നും ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
വ്യാജ പ്രചരണങ്ങൾ നടത്തി മതങ്ങളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളാണ് കേരളത്തിലെ ഭരണ,പ്രതിപക്ഷകക്ഷികൾ. ഇത് ന്യൂനപക്ഷവിഭാഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇടതുപക്ഷം കേരളം ഭരിക്കുമ്പോഴാണ് ജോസഫ് മാഷിന്റെ കൈ ഭീകരവാദികൾ വെട്ടി മാറ്റിയത്.. ജോസഫ് മാഷ് ഒളിവിൽ പോയപ്പോൾ മകനെയും ബന്ധുവിനെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചു. കീഴടങ്ങിയ ജോസഫ് മാഷിനെ വിലങ്ങണിയിച്ച് മതമൗലികവാദികളുടെ കൈയ്യടി വാങ്ങിയത് ഇടതുപക്ഷ സർക്കാരായിരുന്നു.
പാലാ ബിഷപ്പിനെ ആക്രമിക്കാൻ ബിഷപ്പ് ഹൗസിലേക്ക് മതഭീകരവാദികൾ മാർച്ച് നടത്തിയപ്പോൾ എം.വി.ഗോവിന്ദനും വി.ഡി.സതീശനും എവിടെയായിരുന്നു?. അന്ന് ബിഷപ്പിനൊപ്പം നിൽക്കാൻ ബി.ജെ.പി.മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ കാര്യത്തിൽ ക്രൈസ്തവ സമുദായത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ മൗനം പാലിച്ചവരാണ് ഇരു പാർട്ടികളും. മന്ത്രി മുഹമ്മദ് റിയാസ് പോപ്പുലർ ഫ്രണ്ടുകാരന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.