രാജ്യത്ത് സ്ഥിതി വീണ്ടും ഗുരുതരമാകുന്നു, കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഏഴായിരത്തിലധികം പേർക്ക്‌

Wednesday 12 April 2023 11:39 AM IST

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7,830 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 223 ദിവസങ്ങൾക്കിടയിലുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

സെപ്തംബറിന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് പ്രതിദിന കേസുകൾ ഏഴായിരം കടക്കുന്നത്. സെപ്തംബർ ഒന്നിന് 7,946 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിലവിൽ 40,215 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ആകെ രോഗബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 5,676 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 5,31,016 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇന്നലെ മാത്രം പതിനാറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. കൊവിഡ് അനുബന്ധ രോഗങ്ങൾ മൂലം കേരളത്തിൽ ഇന്നലെ അഞ്ച് പേർ മരിച്ചു.