'സൽമാൻ ഖാൻ ഇന്നുകാണുന്ന ആളായിരുന്നില്ല അന്ന്, അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചില്ല'; വിവാഹാഭ്യർത്ഥന നിരസിച്ച കാരണം വെളിപ്പെടുത്തി ജൂഹി ചൗള

Wednesday 12 April 2023 5:49 PM IST

സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും വാർത്തകളിൽ ഇടയ്ക്കിടെ ഇടം നേടാറുള്ളയാളാണ് ബോളിവുഡിലെ ഖാൻ ത്രയത്തിൽ ഒരാളായ സൽമാൻ ഖാൻ. ഇന്ത്യൻ സിനിമയിലെ ഐക്കോണിക് ബാച്ചിലേഴ്‌സിൽ ഒരാളായ സൽമാൻ ഖാന്റെ പ്രണയവാർത്തകളും ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തൊണ്ണൂറുകളിലെ മുൻനിര നായികമാരിൽ ഒരാളായ ജൂഹി ചൗളയുമൊത്താണ് സൽമാന്റെ പേര് ചേർത്തുവായിക്കുന്നത്.

ജൂഹി ചൗളയെ ഇഷ്ടമായിരുന്നെന്ന് സൽമാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ജൂഹിയുടെ വീട്ടിൽ വിവാഹാലോചനയുമായി ചെന്നെങ്കിലും ജൂഹിയുടെ പിതാവ് അത് നിരസിക്കുകയായിരുന്നെന്നും സൽമാൻ പറയുന്ന വീഡിയോയാണ് വൈറലായത്. ഇതിലിപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ജൂഹി ചൗള.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജൂഹി സൽമാന്റെ വിവാഹാലോചനയെക്കുറിച്ച് പ്രതികരിച്ചത്. ചോദ്യത്തിന് ചിരിയായിരുന്നു ആദ്യം താരത്തിന്റെ മറുപടി. ആ സമയത്ത് തനിക്ക് സൽമാനെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നെന്ന് ജൂഹി പറഞ്ഞു. 'ഞാൻ എന്റെ കരിയർ ആരംഭിച്ച സമയത്ത് സൽമാൻ ഖാൻ ഇന്ന് കാണുന്ന സൽമാൻ ഖാൻ ആയിരുന്നില്ല. അദ്ദേഹം നായകനായുള്ള സിനിമ എന്നെ തേടിവന്നെങ്കിലും ചില പ്രശ്നങ്ങൾ കാരണം ആ സിനിമ ചെയ്യാൻ സാധിച്ചില്ല. വാസ്‌തവത്തിൽ അന്നെനിക്ക് സിനിമാ മേഖലയിലെ ആരെയും അറിയാമായിരുന്നില്ല. പക്ഷേ അന്നുമുതൽ ഇന്നുവരെ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്തില്ലെന്ന് അവസരം കിട്ടുമ്പോഴെല്ലാം സൽമാൻ പറയും. നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും അനേകം സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്'- നടി വ്യക്തമാക്കി.

സൽമാൻ ഖാനും ജൂഹി ചൗളയും 1988ലാണ് സിനിമയിലെത്തുന്നത്. എന്നാൽ ഒരു സിനിമയിൽ പോലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് ജൂഹി അവസാനമായി അഭിനയിച്ചത്. സൽമാൻ ഖാന്റെ പുതിയ ചിത്രം കിസി കാ ഭായ് കിസി കി ജാൻ ഏപ്രിൽ 21ന് തിയേറ്ററുകളിലെത്തും.