ആശുപത്രിയിൽ അതിക്രമം: ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

Thursday 13 April 2023 12:08 AM IST

കട്ടപ്പന : താലൂക്ക് ആശുപത്രിയിൽ അതിക്രമം കാട്ടിയ ഹോട്ടൽ ജീവനക്കാരനായ കോതനല്ലൂർ പുളിയേരത്തേൽ പി കെ ബിജുവിനെ (51)കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ സോമനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും, വനിതാ ഡോക്ടറെ അസഭ്യം പറയുകയും, ആശുപത്രിയുടെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. മദ്യപിച്ച് ആശുപത്രിയിൽ എത്തിയ ബിജു തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് വനിതാ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. പരിക്കില്ലാത്തതിനാൽ മരുന്ന് നൽകാമെന്ന ഡോക്ടറുടെ മറുപടിയാണ് ഇയാളെ അക്രമാസക്തനാക്കിയത്. എസ്‌ ഐമാരായ കെ.ദിലീപ്കുമാർ, സജി, എ.എസ്‌.ഐ ടെസിമോൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.