വൃദ്ധയായ  അമ്മയെ  പൂട്ടിയിട്ട്  ഭിന്നശേഷിക്കാരിയെ   ബലാത്സംഗം  ചെയ്തു; പ്രതി അറസ്റ്റിൽ

Thursday 13 April 2023 2:25 PM IST

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്ത് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46വയസുള്ള ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു. വീട്ടിൽ അറ്റകുറ്റപ്പണിക്കു വന്ന കരിങ്കുന്നം സ്വദേശി മനുവാണ് സ്ത്രീയെ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ജോലിയ്ക്ക് വന്ന പ്രതി 76കാരിയായ അമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അവശനിലയിലായ മകളെ പിന്നീട് അമ്മതന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഡി വെെ എസ്‌പിയ്ക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വീട്ടിൽ അതിക്രമിച്ച് കയറൽ, ആവർത്തിച്ചുള്ള ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.